കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ അറസ്റ്റിലായ ബോഡോ തീവ്രവാദികള്‍ 2017ല്‍ അസമിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചവരെന്ന് പൊലീസ്. അസമില്‍ ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായവര്‍ പരിശീലനം ലഭിച്ച ബോഡോ തീവ്രവാദികളെന്ന് കൊച്ചി ഡിസിപി ഹിമേന്ദ്രനാഥ് പറഞ്ഞു. ഇവരെ അസം പൊലീസിന് കൈമാറും.
ഇരുന്നൂറോളം പൊലീസുകാര്‍ കമ്പനി വളഞ്ഞാണ് മൂന്ന് ബോഡോ തീവ്രവാദികളെ കസ്റ്റഡിയിലെടുത്തത്. ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മണ്ണൂരില്‍ വച്ചാണ് കുന്നത്തുനാട് സിഐ അസം സ്വദേശികളെ അറസ്റ്റ് ചെയ്തത്.
അസമില്‍ നിന്നെത്തിയ ഇവര്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അസം പൊലീസ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അസാമില്‍ കൊലപാതക കേസുകളിലടക്കം പ്രതികളാണ്. ഇവര്‍ കേരളത്തിലെത്തിയിട്ട് 15 ദിവസമായതായാണ് വിവരം. പ്രതികളെ അസം പൊലീസ് എത്തി കൊണ്ടു പോകും.