രാജസ്ഥാനില്‍ ഇഷ്ടിക ചൂളയില്‍ 14കാരിയുടെ മൃതദേഹം കണ്ടെത്തി; ബലാത്സംഗത്തിനിരയായതായി സംശയം

ഭില്‍വാര: രാജസ്ഥാനിലെ ഭില്‍വാരയിലെ ഇഷ്ടിക ചൂളയില്‍ നിന്ന് 14കാരിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മയോടൊപ്പം ആടിനെ മേയ്ക്കാനെത്തിയ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കാണാതായി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങളാണ് കിട്ടിയത്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ചൂളയിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

പെണ്‍കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്നാണ് കുടുംബവും അയല്‍വാസികളും അന്വേഷണം തുടങ്ങിയത്. തെരച്ചില്‍ രാത്രി മുഴുവന്‍ നീണ്ടു. ഒടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെ പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്ന ഇഷ്ടിക ചൂളയില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. എല്ലുകളും വെള്ളിപ്പാദസരവും കത്തിത്തീര്‍ന്ന ഷൂസിന്റെ അവശിഷ്ടങ്ങളുമാണ് പൊലീസിന് ലഭിച്ചത്.

സംഭവത്തില്‍ മൂന്നുപേരെ പിടികൂടിയിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെട്ടപ്പോള്‍ നടപടിയെടുക്കാനായി കുട്ടിയുടെ ഐ.ഡി കാര്‍ഡോ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റോ വേണമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നു. ഇതിനെതിരെ ഗ്രാമീണര്‍ പ്രതിഷേധിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഗ്രാമീണര്‍ ആവശ്യപ്പെട്ടു.

Top