യുപിയില്‍ കാണാതായ യുവതിയുടെ മൃതദേഹം മുന്‍ മന്ത്രിയുടെ മകന്റെ വീടിന് സമീപം കണ്ടെത്തി

ഉന്നാവ്: ഉത്തര്‍പ്രദേശില്‍ രണ്ടുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം എസ്പി നേതാവും മുന്‍മന്ത്രിയുമായ ആളുടെ മകന്റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. വ്യാഴാഴ്ചയാണ് സംഭവം. മുന്‍മന്ത്രി കൂടിയായ ഫത്തെ ബഹദൂര്‍ സിങ്ങിന്റെ മകനെതിരെ പെണ്കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് സര്‍ക്കാറിനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്ത് എത്തിയിട്ടുണ്ട്.

പ്രദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉന്നാവ് ജില്ലയിലെ കാബ്ബ കേദാ പ്രദേശത്തെ അശ്രമത്തിന് അടുത്തുള്ള ആളോഴിഞ്ഞ പറമ്പിലെ സെപ്റ്റിക്ക് ടാങ്കില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 22 വയസുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന കേസില്‍ നേരത്തെ എസ്.പി മുന്‍ മന്ത്രിയുടെ മകന്‍ രജോള്‍ സിംഗിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് എത്തിയികുന്നു. 2021 ഡിസംബര്‍ 8നാണ് യുവതിയെ കാംഷിറാം ചൗക്ക് ഏരിയയില്‍ നിന്നും കാണാതായത്.

ഫെബ്രുവരി 4ന് പൊലീസ് രജോള്‍ സിംഗിനെ എട്ടുമണിക്കൂറോളം ചോദ്യം ചെയ്തു. ഇയാളുടെ സഹായി സൂരജിലേക്കും അന്വേഷണം നീണ്ടു. ഇയാളില്‍ നിന്നാണ് രജോള്‍ കൊലപാതകം നടത്തിയെന്ന സൂചനയും, മൃതദേഹം ഒളിപ്പിച്ചയിടത്തെക്കുറിച്ചുള്ള സൂചനയും ലഭിച്ചത്. രജോള്‍ പെണ്‍കുട്ടിയെ ആശ്രമത്തിലേക്ക് വിളിച്ചുവരുത്തുകയും സഹായികള്‍ക്കൊപ്പം പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയുമായിരുന്നു, എന്നാണ് പൊലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ ശശി ശേഖര്‍ സിംഗ് പറയുന്നത്.

കഴുത്ത് ഞെരിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ മറ്റ് രണ്ട് മുറിവുകളും ഉണ്ട്. വ്യക്തമായ വിവരങ്ങളെ തുടര്‍ന്നാണ് മുന്‍ മന്ത്രി പുത്രന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പരിശോധിച്ചത് എന്നും. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും പൊലീസ് അറിയിച്ചു.

Top