Body of Keralite nurse killed at Oman brought back

കൊച്ചി: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. സലാലയില്‍ നിന്ന് രാത്രി മസ്‌കറ്റിലെത്തിച്ച മൃതദേഹം രാവിലെ ഏഴു മണിയോടെ ഒമാന്‍ എയര്‍ വിമാനത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്.

നെടുമ്പാശേരിയില്‍ നിന്ന് 10 മണിയോടെ അങ്കമാലി കറുകുറ്റിയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്ന് മണിക്ക് കറുകുറ്റി ക്രിസ്തുരാജ ആശ്രമം പളളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

മൃതദേഹം ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. കൊലപാതകത്തില്‍ ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സന് പങ്കില്ലെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളെ അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ലിന്‍സന്റെ സാന്നിധ്യം സലാലയില്‍ ആവശ്യമാണ്. അതിനാലാണ് നാട്ടിലേക്ക് വരാന്‍ ഒമാന്‍ പൊലീസ് അനുമതി നല്‍കാതിരുന്നത്. സമാന രീതിയിലുള്ള കൊലപാതകങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലിന്‍സന്റെ സഹോദരനും ബന്ധുക്കളുമാണ് ചിക്കുവിന്റെ മൃതദേഹത്തെ അനുഗമിക്കുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഇടപെടലുകളെ തുടര്‍ന്നാണ് മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലായത്.

സലാല ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്‌സായിരുന്ന ചിക്കു റോബര്‍ട്ടിനെ ഏപ്രില്‍ 20നാണ് വീട്ടിലെ മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top