ശരീര ഭാരം കുറയ്ക്കുന്നത് സ്തനാർബുദത്തിനുള്ള സാധ്യതകൾ കുറയ്ക്കുമെന്ന് റിപ്പോർട്ട്

oct breast

രീരഭാരം കുറയ്ക്കുന്നത് സ്തനാർബുദത്തിനുള്ള സാധ്യതകൾ കുറയ്ക്കുമെന്ന് പുതിയ പഠനം. ആർത്തവ വിരാമം കഴിഞ്ഞ സ്ത്രീകളിൽ ശരീര ഭാരം കുറയുന്നത് സ്തനാർബുദം വരാനുള്ള സാധ്യതകൾ കുറയ്ക്കുന്നു എന്നാണ് പുതിയ കണ്ടെത്തൽ. അമേരിക്കൻ കാൻസർ സൊസൈറ്റി പുറത്തിറക്കുന്ന ‘കാൻസർ’ എന്ന വാരികയിലാണ് ഈ പഠനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പൊണ്ണത്തടി അർബുദവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെങ്കിലും ശരീര ഭാരം കുറയ്ക്കുന്നത് രോഗം വരാനുള്ള സാധ്യതകൾ കുറയ്ക്കുമോ എന്നത് സംബന്ധിച്ചാണ് പഠനം നടത്തിയത്. കാലിഫോർണിയയിലെ സിറ്റി ഓഫ് ഹോപ്പ് നാഷണൽ മെഡിക്കൽ സെൻറ്ററിലെ റോവൻ ചെബോവ്സ്‌കിയും സംഘവും നടത്തിയ പഠനത്തിലാണ് റിപ്പോർട്ട്. മാമ്മോഗ്രാം ചെയ്തപ്പോൾ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാഞ്ഞ 61335 സ്ത്രീകളെ ഇവർ പഠനത്തിനായി തിരഞ്ഞെടുത്തു. ഇവരുടെ ശരീര ഭാരം, ഉയരം, ബോഡി മാസ് ഇൻഡക്സ്(BMI) തുടങ്ങിയവ രേഖപ്പെടുത്തി, ശേഷം മൂന്നു വർഷം കഴിഞ്ഞു ഇതേ കണക്കുകൾ എടുത്തു. ഏതാണ്ട് 11.4 വർഷങ്ങളോളം ഈ പതിവ് തുടർന്നു. ഈ സ്ത്രീകളിൽ 3061 ആളുകളിൽ അതീവ ഗുരുതരമായ രീതിയിൽ സ്തനാർബുദം കണ്ടെത്തി. ശരീര ഭാരം മിതമായി നിലനിർത്തിയ ഏതാണ്ട് അഞ്ചു ശതമാനം സ്ത്രീകളിൽ അർബുദം വരാനുള്ള 12% സാധ്യത മാത്രമാണ് കണ്ടെത്തിയത്. എന്നാൽ ശരീര ഭാരം കൂടിയ സ്ത്രീകളിൽ 54% കൂടുതൽ സാധ്യതയാണ് കണ്ടെത്തിയത്.

ആർത്തവ വിരാമം ആയ സ്ത്രീകളിൽ ശരീര ഭാരം കുറയുന്നത് സ്തനാർബുദത്തിനുള്ള സാധ്യതകൾ കുറയ്ക്കും എന്നാണ് കണ്ടെത്തൽ. ശരീര ഭാരം ക്രമീകരിക്കുന്നത് സ്തനാർബുദം ബാധിച്ചവരിലും വലിയ മാറ്റങ്ങൾ കാണിക്കുന്നുണ്ട്. കൊഴുപ്പ് കുറഞ്ഞ ഭക്ഷ്യ വസ്തുക്കൾ കഴിയ്ക്കുന്നത്തിലൂടെ ശരീര ഭാരം കുറയ്ക്കാൻ കഴിയും. സ്തനാർബുദ ബോധവത്കരണ മാസമായ ഈ ഒക്ടോബറിൽ സ്ത്രീകൾ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്. ആരോഗ്യ പൂർണമായ ഒരു നാളേക്കായി വ്യായാമവും ക്രമീകൃത ആഹാരവും ജീവിതത്തിന്റെ ഭാഗമാക്കൂ.

Top