ആന്റണി ‘നശിപ്പിച്ച’ മേഖലക്ക് പുത്തൻ ഉണർവ് നൽകി മോദി, ഞെട്ടിക്കുന്ന നേട്ടം !

പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കുന്നതിനും ഭീകരതാവളങ്ങള്‍ ആക്രമിക്കുന്നതിനും അപ്പാച്ചെ ഹെലിക്കോപ്റ്റര്‍ ഇന്ത്യയുടെ കുന്തമുനയാകും. ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച് ഏറെ ആത്മവിശ്വാസം നല്‍കുന്ന കരുത്താണിത്.

ബോയിംഗ് നിര്‍മ്മിച്ച ഈ അപ്പാച്ചെ ഗാര്‍ഡിയന്‍ അറ്റാക്ക് ഹെലികോപ്റ്റര്‍ അടുത്തയിടെയാണ് ഇന്ത്യന്‍ സേനയുടെ ഭാഗമായത്. 22 അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് അമേരിക്കയില്‍ നിന്നും ഇന്ത്യ വാങ്ങുന്നത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശന സമയത്താണ് 13,952 കോടിയുടെ കരാറില്‍ ഒപ്പുവച്ചിരുന്നത്. ആദ്യ ബാച്ച് ഹെലികോപ്റ്ററുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

വ്യോമസേനയുടെ ആധുനികവത്കരണത്തില്‍ നിര്‍ണ്ണായക ചുവടു വയ്പ്പാണ് അപ്പാച്ചെ ഹെലികോപ്റ്റര്‍ എന്നാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരേസമയം എതിരാളിയുടെ വിവരങ്ങള്‍ അറിയാനും, ആക്രമണത്തിനും പ്രാപ്തമാണ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍. എയര്‍ ടു എയര്‍ ആക്രമണത്തിനും ഈ ഹെലികോപ്റ്ററുകള്‍ പ്രാപ്തമാണ്. വിവിധ ഉദ്ദേശ്യ ഹെലികോപ്റ്ററുകളില്‍ ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ എന്ന് വിളിക്കാവുന്നതാണ് ഈ ഹെലിക്കോപ്റ്ററുകള്‍.

നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതും മികച്ചതുമായ ഹെലികോപ്റ്ററാണ് ബോയിങ് എഎച്ച്- 64 അപ്പാച്ചെ. ഇത് ഇന്ത്യയ്ക്ക് സ്വന്തമായെന്ന് പറഞ്ഞാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം അത്രത്തോളം വികസനം നേടി എന്നു വേണം പറയാന്‍.

മറ്റ് ഹെലികോപ്റ്ററുകളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് എഎച്ച്- 64 അപ്പാച്ചെയുടെ നിര്‍മ്മാണം. രണ്ടു പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന കോക്പിറ്റും ടെയില്‍ വീല്‍ ടൈപ്പ് ലാന്‍ഡിംഗ് ഗിയര്‍ ക്രമീകരണവുമാണ് ഹെലികോപ്റ്ററിലുള്ളത്. രാത്രി കാഴ്ച്ചകള്‍ക്കുള്ള സംവിധാനങ്ങളും ബോയിങ് ഹെലികോപ്റ്ററിന്റെ മാത്രം സവിശേഷതയാണ്.

മിസൈല്‍ പ്രതിരോധ മേഖലയില്‍ റഷ്യയുടെ എസ്- 400 ട്രയംഫ് കൂടി എത്തുന്നതോടെ ഇന്ത്യയുടെ സുരക്ഷാ കവചം പരിപൂര്‍ണ്ണമാകും. അമേരിക്കന്‍ ആധുനിക വിമാനങ്ങളെ പോലും ചാരമാക്കാന്‍ ശേഷിയുള്ള കരുത്താണ് റഷ്യയുടെ ട്രയംഫിനുള്ളത് ഇതിനായി 40,000 കോടിയുടെ ഇടപാടാണ് റഷ്യയുമായി ഇന്ത്യ നടത്തിയിരിക്കുന്നത്. രാജ്യസുരക്ഷക്കും സൈനിക ശക്തിക്കും പ്രാധാന്യം നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. ആന്റണി പ്രതിരോധ മന്ത്രിയായ കാലയളവില്‍ ‘നശിപ്പിച്ച’ മേഖലയ്ക്കാണ് ഇപ്പോള്‍ പുതിയ ഉണര്‍വ് കൈവന്നിരിക്കുന്നത്.

സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്നതിന് നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ കൊണ്ടു വരുന്നത്. വന്‍ ഇടപാടുകളും ഇതിന്റെ ഭാഗമാണ്. അമേരിക്കയ്ക്കും റഷ്യക്കും പുറമെ ഫ്രാന്‍സുമായും ഇസ്രയേലുമായും ഇന്ത്യക്ക് പ്രതിരോധ ഇടപാടുകളുണ്ട്. കശ്മീരില്‍ സമാധാനം സ്ഥാപിക്കുക എന്നതിന് മാത്രമാണ് കേന്ദ്ര സര്‍ക്കാറിപ്പോള്‍ പ്രധാന പരിഗണന നല്‍കുന്നത്. കൂടുതലായി 10,000 അര്‍ദ്ധസൈനികരെ അവിടെ നിയോഗിച്ചതും ഇതിന്റെ ഭാഗമാണ്.

അതിര്‍ത്തിയില്‍ സൈനിക വിന്യാസവും ശക്തമാക്കിയിട്ടുണ്ട്. പാക്ക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കുക എന്ന ലക്ഷൃത്തിലേക്ക് അധിക ദൂരമില്ലെന്നാണ് ബി.ജെ.പി നേതാക്കളും വ്യക്തമാക്കുന്നത്. മുന്‍ഗാമികളുടെ വലിയ പിഴവാണ് ഈ മേഖല വിട്ടുകൊടുത്ത നടപടിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ വിമര്‍ശിച്ചിരിക്കുന്നത്. ഈ പിഴവ് മോദി സര്‍ക്കാര്‍ തിരുത്തുമോയെന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

റഷ്യയുടെ ട്രയംഫ് ഉള്‍പ്പെടെയുള്ള മാരക സംവിധാനങ്ങള്‍ ഇന്ത്യ വാങ്ങിക്കൂട്ടുന്നതിനെ ആശങ്കയോടെയാണ് പാക്കിസ്ഥാനും കാണുന്നത്. ഇന്ത്യയുടെ ഇടപെടലിനെ തുടര്‍ന്ന് പാക്കിസ്ഥാനുമായി ഉണ്ടായിരുന്ന ആയുധ കരാറില്‍ നിന്നും റഷ്യ പിന്‍മാറിയിരുന്നു. ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായതൊന്നും റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലന്ന് പ്രസിഡന്റ് പുടിന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ- റഷ്യ ബന്ധം കൂടുതല്‍ ശക്തമാകുന്നത് പാക്കിസ്ഥാന് മാത്രമല്ല ചൈനയെ സംബന്ധിച്ചും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. റഷ്യയുടെ എതിര്‍പ്പ് മറികടന്ന് പാക്കിസ്ഥാനെ സഹായിക്കാന്‍ ചൈനക്കും ഇനി പരിമിതികളുണ്ടാകും.

അമേരിക്കക്കെതിരെ ചൈനയുടെ നിലപാടിനെ പിന്തുണക്കുന്ന ഏക ലോക ശക്തിയാണ് റഷ്യ. ഇപ്പോള്‍ ഇറാനും ഈ ചേരിയോട് കൂടുതല്‍ അടുത്തിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചും ഇറാന്‍ ഏറ്റവും അടുത്ത സുഹൃത്താണ്. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വെട്ടിക്കുറച്ച ഇറാനുമായുള്ള എണ്ണ ഇടപാട് ഇന്ത്യ പുനരാരംഭിക്കാനുള്ള സാധ്യതയും നിലവില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

പാക്കിസ്ഥാനെ സംബന്ധിച്ച് കടുത്ത ശത്രുവാണ് ഇറാന്‍. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇറാന്‍ പീരങ്കി ആക്രമണം നടത്തിയത് അവരെ ഞെട്ടിച്ചിരുന്നു. ഇന്ത്യയുടെ ആദ്യ മിന്നല്‍ ആക്രമണത്തിന് ശേഷമായിരുന്നു ഇറാന്‍ സേന ആക്രമണം നടത്തിയിരുന്നത്. അഫ്ഗാനിസ്ഥാന്റെ നിലപാടും പാക്കിസ്ഥാനെ ആശങ്കപ്പെടുത്തുന്നതാണ്. ഒരേസമയം അഫ്ഗാന്‍, ഇന്ത്യ, ഇറാന്‍ അതിര്‍ത്തികളില്‍ സംഘര്‍ഷം ഉണ്ടായാല്‍ പാക്കിസ്ഥാന്‍ കുടുങ്ങി പോകും. ഈ ഭയം പാക്ക് പ്രധാനമന്ത്രി തന്നെ ഇപ്പോള്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇന്ത്യയെ സംബന്ധിച്ച് ഭീകരരെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കേണ്ടത് അനിവാര്യമാണ്. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആണവ രാജ്യമായ പാക്കിസ്ഥാന്റെ ഭീഷണി നേരിടാന്‍ എസ്- 400 ട്രയംഫിന് വളരെ എളുപ്പത്തില്‍ കഴിയും.

ഇന്ത്യയുടെ പ്രത്യാക്രമണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പാക്കിസ്ഥാന് ഒരിക്കലും കഴിയുകയുമില്ല. ചൈനക്ക് പോലും ഒരു പരിധിക്കപ്പുറം പാക്കിസ്ഥാനെ സഹായിക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടാണ് അമേരിക്കയുമായി അടുക്കാന്‍ പാക്കിസ്ഥാന്‍ വീണ്ടും ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യയെ പോലെ ലോകത്തെ ഏറ്റവും വലിയ വിപണി നഷ്ടപ്പെടുത്തുവാന്‍ അമേരിക്ക തയ്യാറല്ലെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല ഇന്ത്യ- റഷ്യ- ചൈന സഖ്യത്തെ കുറിച്ച് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ അമേരിക്ക ഇഷ്ടപ്പെടുന്നുമില്ല.

ഈ സാഹചര്യത്തില്‍ പാക്ക് അധീന കശ്മീരില്‍ ഇന്ത്യ കടുത്ത നടപടിക്ക് മുതിര്‍ന്നാല്‍ ലോക പൊലീസിന്റെ സമ്മര്‍ദ്ദമൊന്നും ഏശുകയില്ല. 40,000 തീവ്രവാദികള്‍ പാക്കിസ്ഥാനിലുണ്ടെന്ന് ആ രാജ്യം തന്നെ സമ്മതിച്ച സ്ഥിതിക്ക് ഇന്ത്യയെ സംബന്ധിച്ച് മിന്നല്‍ ആക്രമണത്തിനുള്ള സാഹചര്യം അനുകൂലവുമാണ്. പാക്ക് അധീന കശ്മീരിലെ ഭീകര താവളങ്ങള്‍ ഏത് നിമിഷവും ഇന്ത്യന്‍ സേന ആക്രമിച്ചേക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ചാര സംഘടനയായ സി.ഐ.എയാണ് ഇതുസംബന്ധമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Staff Reporter

Top