മുൻ കാലങ്ങളിൽ തിരഞ്ഞെടുപ്പ് കാലത്ത് ഫ്ലക്സ് ബോർഡുകളായിരുന്നു പ്രധാന പ്രചാരണായുധമെങ്കിൽ ഈ തിരഞ്ഞെടുപ്പിന് ഫ്ലക്സിന്‍റെ പകരക്കാരനായി എത്തിയതാണ് ബോഹർ. കട്ടികൂടിയ കടലാസ‌് കൊണ്ടുള്ള ബോഹറിലെ പ്രിന്റിങ‌് ഫ്ലക‌്സിനു തുല്യമായ നിലവാരമുള്ളതാണ‌്. പരിസ്ഥിതി സൗഹൃദവുമായതിനാൽ ബോഹറിനോടാണ് ഇപ്പോൾ എല്ലാവർക്കും താല്പര്യം. കപ്പ, ചോളം എന്നിവയിൽ നിന്നെടുക്കുന്ന പോളിലാക്ടിക‌് ആസിഡ‌് ഉപയോഗിച്ച‌് കടലാസിനെ കോട്ട‌് ചെയ്യുന്നതിനാൽ ഇത് മഴയത്തു നശിക്കില്ല. മിനുസമുള്ള പ്രതലത്തിലാണ‌് പ്രിന്റിങ‌്. ഇതിലെ ആസിഡ‌് കോട്ടിങ‌് ചിത്രത്തിന‌് മിഴിവേകും.
മണ്ണിൽ ലയിച്ചു ചേരുന്നതും പ്രകൃതിക്കു കോട്ടം തട്ടാത്തതുമായ ബോഹറിന‌് പക്ഷേ വില അൽപം കൂടുതലാണ‌്. ആറടി ഉയരവും നാലടി വീതിയുമുള്ള ഫ‌്ളക‌്സിന‌് 290 രൂപയാണെങ്കിൽ അത്രതന്നെ വലിപ്പമുള്ള ബോഹിന‌് 480 രൂപയാകും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ ഒരാറ്റ മാസത്തിനിടയിൽ കുറഞ്ഞത് 500 കോടി രൂപയുടെ കച്ചവടം സംസ്ഥാനത്ത് നടക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഇന്ത്യയിൽ ആദ്യമായി ബോഹർ പ്രിന്‍റി ആരംഭിച്ചത് കേരളത്തിലാണ്.