‘ചരിത്രപരമായ മണ്ടത്തരം’ എന്നു പറയുന്നത് ഇതിനെയൊക്കെയാണ്. തരൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലൂടെ സി.പി.എം വലിയ മണ്ടത്തരമാണ് കാട്ടിയിരിക്കുന്നത്. ‘വ്യക്തിയല്ല’ പാർട്ടി എന്നു പറയുന്നവർ തന്നെ വ്യക്തിതാൽപ്പര്യത്തിന് കൂട്ടു നിന്ന കാഴ്ചയാണ് തരൂരിലൂടെ ദൃശ്യമായിരിക്കുന്നത്. പി.കെ ജമീലയെ സ്ഥാനാർത്ഥിയാക്കുക വഴി യഥാർത്ഥത്തിൽ തോൽവി ചോദിച്ചു വാങ്ങുന്ന സാഹചര്യമാണ് നേതൃത്വം ഉണ്ടാക്കിയിരിക്കുന്നത്. ഇതിനു ഉത്തരവാദികൾ ആരായാലും കാലം അവർക്ക് ഒരിക്കലും മാപ്പു നൽകുകയില്ല.
എ.കെ ബാലൻ എന്ന മന്ത്രിയുടെ ഭാര്യ എന്ന മേൽവിലാസമല്ലാതെ മറ്റൊന്നും തന്നെ പി.കെ ജമീലക്ക് രാഷ്ട്രിയത്തിൽ അവകാശപ്പെടാനില്ല. അർഹരായ നിരവധി പേരെ മറികടന്നാണ് മന്ത്രി പത്നിയെ തരൂരിൽ കെട്ടിയിറക്കിയിരിക്കുന്നത്. ഇതിനെതിരെ ഇടതുപക്ഷ അണികളിൽ തന്നെ പ്രതിഷേധം വ്യാപകമാണ്. വൻ ഭൂരിപക്ഷത്തിന് ഇടതുപക്ഷത്തെ വിജയിപ്പിക്കുന്ന ഈ മണ്ഡലം ഇപ്പോഴത്തെ സാഹചര്യത്തിൽ കൈവിട്ടു പോകാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ‘പാർട്ടി’ ഏത് സ്ഥാനാർത്ഥിയെ നിർത്തിയാലും അത് അണികളും അനുഭാവികളും അംഗീകരിച്ചുകൊള്ളും എന്നത് പഴയ കാലത്തെ കാഴ്ചപ്പാടാണ്. പുതിയ കാലത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൽ സ്ഥാനാർത്ഥികൾക്കും വലിയ പ്രാധാന്യമാണുള്ളത്.
തരൂർ ഉൾപ്പെടുന്ന ആലത്തൂർ ലോകസഭ മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതു തെളിയിച്ചിട്ടുള്ളതുമാണ്. ചുവന്ന മണ്ണിൽ രമ്യ ഹരിദാസ് എന്ന കോൺഗ്രസ്സുകാരി നേടിയ അട്ടിമറിവിജയം കോൺഗ്രസ്സ് നേതാക്കളെ പോലും ഞെട്ടിക്കുന്നതായിരുന്നു.സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചയാണ് ഇവിടെ ഇടതുപക്ഷത്തിന് തിരിച്ചടിയായിരുന്നത്. ഈ തിരിച്ചടിയിൽ നിന്നും ഇപ്പോഴും സി.പി.എം പാഠം ഉൾക്കൊണ്ടിട്ടില്ലന്നതിൻ്റെ ഒന്നാംന്തരം ഉദാഹരണമാണ് തരൂരിലെ പുതിയ സ്ഥാനാർത്ഥിത്വം. ഇതിനു സി.പി.എം നേതൃത്വത്തെ പ്രേരിപ്പിച്ചത് ‘ബാലൻ’ എന്ന ഘടകമാണെങ്കിൽ ഗതികേട് എന്നു തന്നെ അതിനെ വിലയിരുത്തേണ്ടി വരും.നിരവധി തവണ വൻ ഭൂരിപക്ഷം നൽകി എ.കെ ബാലനെ വിജയിപ്പിച്ചവരോട് കാണിച്ച അനീതികൂടിയാണിത്.
എം.എൽ.എ ആയി മാത്രമല്ല പലവട്ടം മന്ത്രി പദവി നൽകിയും സി.പി.എം, എ.കെ ബാലനെ പരിഗണിച്ചിട്ടുണ്ട്. ഇതെല്ലാം ആര് തന്നെ മറന്നാലും പി.കെ ജമീല മറന്നു പോകരുത്. ഉന്നത ഉദ്യോഗസ്ഥ തലത്തിൽ നിന്നും വിരമിച്ച ശേഷമാണ് ജമീല മത്സര രംഗത്തിറങ്ങുന്നത്. ജന സേവനം തന്നെയാണ് അവരുടെ ആത്മാർത്ഥമായ ലക്ഷ്യമെങ്കിൽ, തദ്ദേശ തിരഞ്ഞെടുപ്പിലാണ് ആദ്യം മത്സരിക്കേണ്ടിയിരുന്നത്. എന്നാൽ അതിനു തയ്യാറാവാതെ ഭർത്താവിൻ്റ പിൻഗാമിയാകാൻ ശ്രമിക്കുന്നത് എം.എൽ.എ സ്ഥാനം ലക്ഷ്യമിട്ട് മാത്രമല്ല മന്ത്രി പദവി ലക്ഷ്യമിട്ടു കൂടിയാണെന്നു തന്നെ കരുതേണ്ടിവരും. അത്തരത്തിലുള്ള വ്യാപക പ്രചരണമാണ് ഇപ്പോൾ പാലക്കാട് ജില്ലയിലും നടക്കുന്നത്. ഇത് മറ്റു മണ്ഡലങ്ങളിലെ വിജയ സാധ്യതയെ ബാധിക്കുമോ എന്ന ആശങ്കയും ഇടതുപക്ഷ പ്രവർത്തകർക്കിടയിലുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ബാലൻ്റെ കുടുംബത്തിനും അവരെ അവരോധിച്ചവർക്കും മാത്രമായിരിക്കും.
ഏത് രാഷ്ട്രീയ സാഹചര്യത്തിലും, ഇടതുപക്ഷം വിജയിക്കുന്ന നിരവധി മണ്ഡലങ്ങൾ ഇപ്പോഴും സംസ്ഥാനത്തുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് തരൂർ.2008ലെ മണ്ഡല പുനർവിഭജനത്തിനു ശേഷം, പഴയ കുഴൽമന്ദം മണ്ഡലമാണ് തരൂരായി മാറിയിരുന്നത്. എല്ലാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ മാത്രം നെഞ്ചേറ്റിയ ഈ മണ്ഡലത്തിൽ, നിഷ്കളങ്കരായ ജനതയാണുളളത്. ചെങ്കൊടിക്ക് അപ്പുറം മറ്റൊന്നും തന്നെ ചിന്തിക്കാത്തവരാണ് ഇവരിൽ ഭൂരിപക്ഷവും.
തരൂരില്‍, എ കെ ബാലന് പകരം ഭാര്യ ഡോ പി കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ അതൃപ്തി, പൊട്ടിത്തെറിയുടെ വക്കിലാണ് എത്തി നിൽക്കുന്നത്. ഡി.വൈ.എഫ്.ഐയിലും, പട്ടികജാതി ക്ഷേമസമിതിയിലും ഉള്‍പ്പടെ, അര്‍ഹരായ നിരവധി നേതാക്കളുണ്ടെന്നിരിക്കെ ജമീലയെ കെട്ടിയിറക്കുന്നത് ദോഷംചെയ്യുമെന്നാണ് വലിയ വിഭാഗവും വിശ്വസിക്കുന്നത്.
പി.കെ.എസ് ജില്ലാ അദ്ധ്യക്ഷന്‍ പൊന്നുക്കുട്ടന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ ശാന്തകുമാരി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം കെ രതീഷ് എന്നിവരിൽ ആരെങ്കിലും സ്ഥാനാർത്ഥിയാകുമെന്നായിരുന്നു അണികൾ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം അപ്രതീക്ഷിതമായി ജില്ലാ സെക്രട്ടറിയേറ്റില്‍, ഡോ പി കെ ജമീലയുടെ പേര് അവതരിപ്പിക്കപ്പെടുകയാണുണ്ടായത്. സി.പി.എം കേന്ദ്ര കമ്മറ്റി അംഗമാണ് ബാലൻ എന്നതിനാൽ ഇടപെടൽ വന്ന വഴിയും വ്യക്തമാണ്.
ബൂർഷാ പാർട്ടികളുടെ ശൈലിയാണിത്. ഒരു കാരണവശാലും ഇതൊന്നും തന്നെ, ഇടതു മനസ്സുകൾക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. കുഴല്‍മന്ദം, തരൂര്‍ എന്നിവിടങ്ങളില്‍ നിന്നായി നാലുതവണ വിജയിച്ച എ കെ ബാലനായാലും മുൻ സർക്കാർ ഉദ്യാഗസ്ഥയായ ഭാര്യക്കായാലും, ഇനിയും അധികാര മോഹം തുടരുന്നത് നല്ലതിനല്ല. ചുട്ട മറുപടി തന്നെയാണ് ഇതിനു ലഭിക്കാൻ പോകുന്നത്. തരൂരിലെ സ്ഥാനാർത്ഥിത്വത്തെ ഇരിങ്ങാലക്കുടയിലെ സ്ഥാനാർത്ഥിത്വവുമായി താരതമ്യപ്പെടുത്താനുള്ള നീക്കവും വിലപ്പോവുകയില്ല. കാരണം എ വിജയരാഘവൻ്റെ ഭാര്യ ബിന്ദു തൃശൂർ മേയറായി കഴിവു തെളിയിച്ച നേതാവാണ്.
എന്നാൽ ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച ജമീലക്കാകട്ടെ ഒരു തരത്തിലുള്ള സംഘടനാപ്രവര്‍ത്തന പാരമ്പര്യവുമില്ല. ആകെയുള്ള പാരമ്പര്യം ഭർത്താവിൻ്റെ രാഷ്ട്രീയം മാത്രമാണ്.ഇതിനെ തന്നെയാണ് ചുവപ്പുമനസ്സുകൾ ഇപ്പോൾ, ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്. ആരെ വേണമെങ്കിലും ഏത് മണ്ഡലത്തിലും കെട്ടി ഇറക്കാൻ നേതൃത്വത്തിനു കഴിയും, പക്ഷേ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് വോട്ടർമാർ മാത്രമാണ്. അവർ അവരുടെ കടമ നിർവ്വഹിക്കുന്നതോടെ തെറ്റുക പലരുടെയും കണക്കുകൂട്ടലായിരിക്കും. അക്കാര്യവും ഉറപ്പാണ്.