മൈദുഗുരി: നൈജീരിയയില്‍ ചാവേര്‍ സ്‌ഫോടനം നടത്തുന്ന സ്ത്രീകള്‍ സുരക്ഷാസേനയുടെ പരിശോധനകളില്‍നിന്ന് രക്ഷപെടാന്‍ ശിശുക്കളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം മൈദുഗുരിയില്‍ ചാവേറായി എത്തിയ സ്ത്രീകള്‍ കൈകളില്‍ കുട്ടികളെ കരുതിയിരുന്നു. സ്‌ഫോടനത്തില്‍ രണ്ടു ചാവേറുകളും രണ്ടു കുട്ടികളും മറ്റു നാലുപേരും കൊല്ലപ്പെട്ടു. കുട്ടികളെ കൈയില്‍ കരുതിയാണ് ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചത്.
പുതിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ചെക്ക് പോസ്റ്റുകളില്‍ സൈന്യം കര്‍ശന സുരക്ഷാ പരിശോധന നടത്തുന്നുണ്ട്. പരിശോധനിയില്‍നിന്നു സിവിലിയന്‍മാരെയും ഒഴിവാക്കുന്നില്ല. സ്ത്രീകളെ ചാവേറുകളായി ഉപയോഗിക്കുന്ന പ്രവണത മുന്‍പു തന്നെ കണ്ടുവന്നിരുന്നെങ്കിലും കുട്ടികളെ ഉപയോഗിക്കുന്നത് അടുത്തിടെയാണ് ശ്രദ്ധയില്‍പെടുന്നത്.
രാജ്യത്ത് നടക്കുന്ന ഭൂരിഭാഗം ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ബോക്കോ ഹറാമാണെന്നാണു കരുതപ്പെടുന്നത്. ഇവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കുന്നതിനായി സര്‍ക്കാര്‍ സൈന്യം കടുത്ത പോരാട്ടം നടത്തുന്നുണ്ട്.