മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ച് ബൊളീവിയ

ഗാസയില്‍ ഇസ്രയേല്‍ അഴിച്ചുവിടുന്നത് ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യ’മാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ച് ബൊളീവിയ. പലസ്തീന്‍ ജനതക്കുമേല്‍ ഇസ്രയേല്‍ ക്രൂരമായ ആക്രമണമാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് തീരുമാനം.അക്രമം രൂക്ഷമായ ഗാസ മുനമ്പില്‍ മാനുഷിക സഹായം നല്‍കുന്ന അന്താരാഷ്ട്ര സംഘടനകളോടുള്ള ഇസ്രയേലിന്റെ ശത്രുതാപരമായ സമീപനം അംഗീകരിക്കാനാകില്ലെന്നും ഗാസയിലേക്ക് കഴിയാവുന്നത്ര സഹായങ്ങള്‍ ബൊളീവിയ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രി മരിയ നില പ്രാദാ അറിയിച്ചു. ആയിരക്കണക്കിന് ജനങ്ങളുടെ ജീവനെടുത്ത പലസ്തീനികള്‍ കൂട്ടത്തോടെ തങ്ങളുടെ നാട്ടില്‍ നിന്നും പാലായനം ചെയ്യാനുമിടയാക്കിയ ആക്രമണം വേഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നതായും മരിയ പറഞ്ഞു.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന്റെ പേരില്‍ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളീവിയ. അക്രമം ആരംഭിച്ച സാഹചര്യത്തില്‍ തന്നെ ബൊളീവിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന്, ബൊളീവിയന്‍ വിദേശകാര്യ മന്ത്രാലയം ഇസ്രയേല്‍ ആക്രമണത്തില്‍ അപലപിക്കുകയും പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

കൊളംബിയന്‍ രാഷ്ട്രപതി ഗുസ്താവോ പെട്രോ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമത്തെ ‘പലസ്തീനികളുടെ കൂട്ടക്കൊല’യെന്നാണ് വിമര്‍ശിച്ചത്. മെക്‌സിക്കോയും ബ്രസീലുമുള്‍പ്പടെ മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങലും ഗാസയിലെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വെടിനിര്‍ത്തല്‍ ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാണെന്ന് പറഞ്ഞ് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളിയിരുന്നു.

 

Top