ഗാസയില്‍ ഇസ്രയേല്‍ അഴിച്ചുവിടുന്നത് ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യ’മാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ച് ബൊളീവിയ. പലസ്തീന്‍ ജനതക്കുമേല്‍ ഇസ്രയേല്‍ ക്രൂരമായ ആക്രമണമാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് തീരുമാനം.
‘ഗാസ മുനമ്പില്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന അനിയന്ത്രിതവും അനുപാതമല്ലാത്തതുമായ അക്രമത്തെ ബൊളീവിയ അപലപിക്കുന്നു. ഇതിനാല്‍ ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയാണ് ബൊളീവിയന്‍ വിദേശകാര്യ ഉപമന്ത്രി ഫ്രഡ്ഡി മാമാനി ചൊവ്വാഴ്ച രാത്രി നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
അക്രമം രൂക്ഷമായ ഗാസ മുനമ്പില്‍ മാനുഷിക സഹായം നല്‍കുന്ന അന്താരാഷ്ട്ര സംഘടനകളോടുള്ള ഇസ്രയേലിന്റെ ശത്രുതാപരമായ സമീപനം അംഗീകരിക്കാനാകില്ലെന്നും ഗാസയിലേക്ക് കഴിയാവുന്നത്ര സഹായങ്ങള്‍ ബൊളീവിയ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രി മരിയ നില പ്രാദാ അറിയിച്ചു. ആയിരക്കണക്കിന് ജനങ്ങളുടെ ജീവനെടുത്ത പലസ്തീനികള്‍ കൂട്ടത്തോടെ തങ്ങളുടെ നാട്ടില്‍ നിന്നും പാലായനം ചെയ്യാനുമിടയാക്കിയ ആക്രമണം വേഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നതായും മരിയ പറഞ്ഞു.