ചെഗുവേരയെ വെടിവച്ച് കൊന്ന ബൊളീവിയന്‍ സൈനികന്‍ അന്തരിച്ചു

സാന്റിയാഗോ: കമ്യൂണിസ്റ്റ് വിപ്ലവകാരി ചെഗുവേരയെ വെടിവച്ച് കൊന്ന ബൊളീവിയന്‍ സൈനികന്‍ മരിച്ചു. മാരിയോ ടെറാന്‍ സലാസര്‍ (80) ആണ് വാര്‍ദ്ധക്യ സഹജമായ അസുഖം കാരണം മരിച്ചത്. ചെഗുവേരയ്ക്ക് നേരെ വെടിയുതിര്‍ത്തത് താനാണെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടിരുന്നത്. ബന്ധുക്കളാണ് മരണ വിവരം പുറത്ത് വിട്ടത്. 1967 ഒക്ടോബര്‍ 9 ന്, ബൊളീവിയയിലെ കിഴക്കന്‍ സാന്താക്രൂസ് പ്രവിശ്യയില്‍ ശീതയുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അര്‍ജന്റീനയില്‍ ജനിച്ച ചെഗുവേരയെ മരിയോ ടെറാന്‍ സലാസര്‍ വെടിവച്ചു കൊന്നു എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്.

ബൊളീവിയയിലെ കിഴക്കന്‍ നഗരമായ, സാന്താക്രൂസ് ഡെ ലാ സിയേറയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. എന്നാല്‍, സുരക്ഷാപരമായ കാരണങ്ങളാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മാരിയോ ടെരാന്‍ ചികില്‍സയിലിരുന്ന ആശുപത്രി തയ്യാറായിട്ടില്ലെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന്, ബൊളീവിയന്‍ സൈനികനായിരുന്ന മാരിയോ തെരാന്‍ ചെഗുവേരയെ വധിക്കാന്‍ നിയോഗിക്കപ്പെടുകയായിരുന്നു. എന്നാല്‍, ചെഗുവേരയെ വധിക്കാന്‍ മാരിയോ തെരാന്‍ അധികാരം ചോദിച്ചു വാങ്ങുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.                                                                                                                     

ചെഗുവേരയുള്‍പ്പെട്ട വിപ്ലവകാരികള്‍ക്ക് എതിരായ സൈനിക നീക്കത്തിനിടെ മൂന്നു സുഹൃത്തുക്കള്‍ കൊല്ലപ്പെട്ടതിലുള്ള വിരോധമായിരുന്നു, ഇത്തരം ഒരു ആവശ്യം ഉന്നയിക്കാന്‍ മാരിയോ തെരാനെ പ്രചോദിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൊളീവിയയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്‌കൂളില്‍ വച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയത്. കൊല്ലപ്പെടുമ്പോള്‍ 39 വയസ്സ് മാത്രമായിരുന്നു ചെഗുവേരയ്ക്ക്. മരണം അയാളെ ഒരു ഇതിഹാസമാക്കി മാറ്റി.

 

 

Top