മുംബൈ: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം ന്യുമോണിയയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ദിലീപ് കുമാറിനെ വീണ്ടും മാഹിമിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പത്മവിഭൂഷണും ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
1944ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദിലീപ് കുമാര്‍ ദേവദാസ്, കോഹിനൂര്‍, മുകള്‍ ഇ ആസം, രാം ഔര്‍ ശ്യാം തുടങ്ങി 65 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1998ലാണ് അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാര്‍ മരണപ്പെട്ടിരുന്നു. സഹോദരങ്ങളായ അസ്‌ലം ഖാനും ഇഷാന്‍ ഖാനുമാണ് മരിച്ചത്.
തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്ന നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ജൂണ്‍ ആറിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അഞ്ചാം ദിവസം ആശുപത്രി വിടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്ടിംഗ് ആദ്യമായി പരീക്ഷിച്ചതത് ദിലീപ് കുമാറായിരുന്നു. കൂടാതെ, അഭിനയിച്ച 65 സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയുടെ പ്രതീകമാകാന്‍ കഴിഞ്ഞ നടനാണ് ഇദ്ദേഹം. നടി സൈറ ബാനുവാണ് ഇദ്ദേഹത്തിന്റെ ഭാര്യ.