മുംബൈ: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ ആശുപത്രി വിട്ടു. ബുധനാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയതായി മകന്‍ വിവാന്‍ ഷാ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ഭാര്യക്കൊപ്പം വീട്ടിലെ മുറിയില്‍ വിശ്രമിക്കുന്ന നസറുദ്ദീന്‍ ഷായുടെ ചിത്രവും മകന്‍ ആരാധകര്‍ക്കായി പങ്കുവച്ചു.
കഴിഞ്ഞ ജൂണിലാണ് ന്യുമോണിയ ബാധിച്ച് താരത്തെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1970- 80 കാലഘട്ടങ്ങളില്‍ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന നസറുദ്ദീന്‍ ഷായെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. കൂടാതെ, മൂന്ന് ദേശീയ അവാര്‍ഡുകളും മികവുറ്റ പ്രകടനത്തിലൂടെ താരം കരസ്ഥമാക്കി.
സിനിമക്ക് പുറമെ, നാടകരംഗത്തും നസറുദ്ദീന്‍ ഷാ നിര്‍ണായകസംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇഷ്‌ക്കിയ, ദി ഡേര്‍ട്ടി പിക്ച്ചര്‍, സിന്ദഗി ന മിലേഗി ദൊബാര എന്നീ പുതിയ ചിത്രങ്ങളിലും താരം സാന്നിധ്യമറിയിച്ചിരുന്നു. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത രാംപ്രസാദ് കി തെഹര്‍വിയാണ് നസറുദ്ദീന്‍ ഷായുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.