താനെ: ലഹരിക്കടത്തുകേസില്‍ ബോളിവുഡ് താരം മമത കുല്‍ക്കര്‍ണിക്കു പിന്നാലെ കൂടുതല്‍ താരങ്ങള്‍ കുടുങ്ങുമെന്ന് സൂചന.
എണ്‍പതുകളിലും തൊണ്ണൂറുകളിലും അഭിനയിച്ചവര്‍ക്കുനേരെയാണ് അന്വേഷണം നീളുന്നത്. 2000 കോടി രൂപയുടെ ലഹരിമരുന്ന് കടത്ത് കേസിലാണ് മമത കുല്‍ക്കര്‍ണിയെ മുഖ്യപ്രതിയായി പൊലീസ് പ്രഖ്യാപിച്ചിരുന്നു.
രാജ്യാന്തര ലഹരിമരുന്നു സംഘത്തിലെ മുഖ്യകണ്ണി മമതയുടെ ഭര്‍ത്താവ് വിക്കി ഗോസ്വാമിയാണെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. കെനിയയിലുള്ള നടിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെടുമെന്നു താനെ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് പറഞ്ഞു. രണ്ടുമാസം മുന്‍പു പുറത്തുവന്ന കേസില്‍ 17 പ്രതികളാണുള്ളത്. 10 പേര്‍ അറസ്റ്റിലായി. ഏഴുപേര്‍ ഒളിവിലാണ്.
പൊലീസ് നിരീക്ഷണത്തിലുള്ളവര്‍ മുംബൈയിലെ ഹോട്ടലുകളിലും മറ്റും ഗോസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവിടെവച്ച് ലഹരിമരുന്ന് വിതരണം ചെയ്യേണ്ടത് എങ്ങനെയെന്നും ഗോസ്വാമി ചര്‍ച്ച ചെയ്തിരുന്നു.
അതേസമയം, കെനിയയില്‍നിന്നു നടിയെയും ഭര്‍ത്താവ് വിക്കിയെയും വിട്ടുകിട്ടാനുള്ള നടപടികളും അധികൃതര്‍ ആരംഭിച്ചു. യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി നല്‍കിയ വിവരങ്ങളുടെയും അറസ്റ്റിലായവരുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണു നടി മുഖ്യപ്രതിയാണെന്നു തെളിഞ്ഞത്. രാജ്യാന്തര ലഹരിമരുന്നു സംഘത്തിന്റെ ഭാഗമായ നടിയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും പരിശോധിച്ചുവരികയാണ്.
ഏപ്രില്‍ 18നു ലഹരിമരുന്നുമായി നൈജീരിയന്‍ സ്വദേശിയെ താനെ പൊലീസ് പിടികൂടിയതോടെയാണു സംഭവം പുറത്തായത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ മഹാരാഷ്ട്രയിലെ സോലാപുരില്‍നിന്നു രണ്ടായിരം കോടിയിലേറെ രൂപ വിലയുള്ള 18.5 ടണ്‍ എഫെഡ്രൈനും രണ്ടു ടണ്‍ അസെറ്റിക് അന്‍ഹൈഡ്രൈഡും പിടിച്ചെടുത്തു. സോലാപുരിലെ എവണ്‍ ലൈഫ് സയന്‍സസ് ലിമിറ്റഡ് കമ്പനിയിലാണ് ഉല്‍പാദനമെന്നും കണ്ടെത്തി.
കഴിഞ്ഞ ജനുവരി എട്ടിനു കെനിയയിലെ മൊംബാസയില്‍ ലഹരിമരുന്നു മാഫിയയിലെ പ്രമുഖരും മമത കുല്‍ക്കര്‍ണിയും പങ്കെടുത്ത യോഗത്തില്‍, എഫെഡ്രൈന്‍ ഇന്ത്യയില്‍നിന്നു കടത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നിരുന്നു.
ഏപ്രില്‍ എട്ടിനു ദുബായില്‍ നടന്ന ലഹരിമരുന്നു സംഘങ്ങളുടെ യോഗത്തിലും നടിയും ഭര്‍ത്താവും പങ്കെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. നിയന്ത്രിത മരുന്നായ എഫെഡ്രൈന്‍ ഇന്ത്യയില്‍നിന്നു മൊംബാസയില്‍ എത്തിച്ചശേഷം ലഹരിമരുന്നായി സംസ്‌കരിച്ചു രാജ്യാന്തര വിപണിയില്‍ വില്‍ക്കാനായിരുന്നു തീരുമാനം. ഇപ്രകാരമുള്ള ഒരു കിലോഗ്രാം പാര്‍ട്ടി ലഹരിമരുന്നിന് 50,000 ഡോളറാണ് (ഏകദേശം 33 ലക്ഷം രൂപ) വിലയെന്നും കമ്മിഷണര്‍ പറഞ്ഞു.
ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍: സാഗര്‍ സുരേഷ് പൗലെ, മയൂര്‍ സുരേഷ് സുഖ്ധാരെ, രാജേന്ദ്ര ഡിമ്രി, ധ്യാനേശ്വര്‍ സ്വാമി, പുനീത് ശൃംഗി, മനോജ് ജയിന്‍, ഹര്‍ദീപ് സിങ് ഗില്‍, നരേന്ദ്ര കാച്ചാ, ബാബാ സാഹേബ് ധോത്രേ, ജയ് മുല്‍ഗി മുഖി.
പിടികിട്ടാനുളളവര്‍: നടി മമത കുല്‍ക്കര്‍ണി, ഭര്‍ത്താവ് വിക്കി ഗോസ്വാമി, മുന്‍ രാഷ്ട്രീയ നേതാവിന്റെ മകനെന്നു പറയപ്പെടുന്ന കിഷോര്‍ റാഠോഡ്, വിദേശത്തുള്ള ഡോ. അബ്ദുല്ല, ഇയാളുടെ കൂട്ടാളികള്‍.