ഷൂട്ടിംഗിനിടെ ബോളിവുഡ് താരം കങ്കണ റണാവത്തിന് വെട്ടേറ്റു

ഷൂട്ടിംഗിനിടെ ബോളിവുഡ് നടി കങ്കണ റണാവത്തിന് വെട്ടേറ്റു. ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന ‘മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്.

ഹൈദരാബാദില്‍ വച്ച് സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ സഹതാരത്തിന്റെ വാള്‍ കങ്കണയുടെ നെറ്റിയില്‍ അടിക്കുകയായിരുന്നു. ഉടന്‍ തന്നെ താരത്തെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആഴത്തിലുള്ള മുറിവില്‍ പതിനഞ്ച് തുന്നലുകളുണ്ട്.

സംഘട്ടന രംഗത്തില്‍ ഡ്യൂപ്പിനെ വയ്ക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും കങ്കണ നിരസിക്കുകയായിരുന്നുവെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് കമാല്‍ ജെയിന്‍ പറഞ്ഞു.

നിരവധി തവണ റിഹേഴ്‌സല്‍ ചെയ്ത ശേഷമായിരുന്നു ഷൂട്ടിംഗ് തുടങ്ങിയത്. സഹതാരം നിഹാറുമായിട്ടുള്ള വാള്‍പ്പയറ്റായിരുന്നു ഷൂട്ട് ചെയ്തത്. ഇതിനിടയിലാണ് നിഹാറിന്റെ വാള്‍ കങ്കണയുടെ നെറ്റിയില്‍ കൊണ്ടത്‌.

മുറിവ് ഭേദമായാലും മുറിപ്പാട് നെറ്റിയിലുണ്ടാകുമെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍, ഝാന്‍സി റാണി ഒരു യോദ്ധാവാണെന്നും ആ മുറിപ്പാട് താനൊരു അഭിമാനമായി കാണുമെന്നും ആണ് കങ്കണ മറുപടി നല്‍കിയത്.

ആശുപത്രി വിട്ടതിന് ശേഷം കങ്കണ ഉടന്‍ തന്നെ ചിത്രത്തിന്റെ സെറ്റിലെത്തും. അടുത്ത വര്‍ഷം ഏപ്രിലിലാണ് ചിത്രം തിയറ്ററിലെത്തുന്നത്. കൃഷ് ആണ് ചിത്രത്തിന്റെ സംവിധാനം.

Top