മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോളി ചന്ദലിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്തു. മൊറാദാബാദ് കല്ലേറ് സംഭവത്തില്‍ വിദ്വേഷകരമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്തത്.
കോവിഡ് പരിശോധനക്ക് ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പോയ ഡോക്ടര്‍മാരുടെയും പൊലീസുകാരുടെയും നേര്‍ക്ക് പ്രദേശത്തുള്ള ചില ആളുകള്‍ കല്ലെറിയുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് പോസ്റ്റിട്ടു എന്നാണ് രംഗോളിക്കെതിരെയുള്ള ആരോപണം.
ചലച്ചിത്ര സംവിധായക റീമ കഗ്തി, നടി കുബ്ര സെയ്ത്, ജുവല്ലറി ഡിസൈനര്‍ ഫറാഖാന് അലി തുടങ്ങി നിരവധി പേര് ഇവര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ട്വിറ്ററില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കുന്ന രംഗോളിയുടെ ട്വീറ്റുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ചലച്ചിത്ര സംവിധായക റീമ കഗ്തി മുംബൈ പൊലീസിനോട് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തു.
‘ഇത്തരത്തില്‍ വിദ്വേഷം വളര്‍ത്തുന്നത് നിരുത്തരവാദപരമാണ്. ദയവായി അത് പരിശോധിച്ച് ആവശ്യമായ നടപടി കൈക്കൊള്ളുക’ അവര്‍ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, തെളിവില്ലാതെ ഒന്നും പറഞ്ഞിട്ടില്ലെന്നും ട്വിറ്റര്‍അക്കൗണ്ട് അവസാനിപ്പിക്കുകയാണെങ്കില്‍ യൂട്യൂബ് ചാനലിനെ ആശ്രയിക്കുമെന്നും ശുഭദിനം നേരാന്‍ മാത്രമായി അക്കൗണ്ട് ആവശ്യമില്ലെന്നും രംഗോളി ചന്ദല്‍ പ്രതികരിച്ചു. നടി കങ്കണ റണാവത്തിന്റെ മാനേജര്‍ കൂടിയാണ് സഹോദരി രംഗോളി ചന്ദല്‍.