ബോളിവുഡ് കലാ സംവിധായകന്‍ നിതിന്‍ ദേശായിയുടെ ആത്മഹത്യ; അഞ്ചുപേര്‍ക്കെതിരെ എഫ്‌ഐആര്‍

മുംബൈ: ബോളിവുഡ് കലാ സംവിധായകന്‍ നിതിന്‍ ദേശായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ചുപേരെ പ്രതിചേര്‍ത്ത് മഹാരാഷ്ട്ര പൊലീസ് കേസ് എടുത്തു. എഡില്‍വെയ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ റഷീഷ് ഷായുടെ പേരും എഫ്‌ഐആറിലുണ്ട്. മഹാരാഷ്ട്രയില്‍ കര്‍ജത്തില്‍ നിതിന്‍ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയലാണ് ഓഗസ്റ്റ് 2ന് നിതിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കര്‍ജത്തില്‍ തന്റെ ഉടമസ്ഥതയിലുള്ള എന്‍ഡി സ്റ്റുഡിയോസുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത നിതിന്‍ ദേശായിക്കുണ്ടായിരുന്നു. നാല് തവണ കലാ സംവിധാനത്തിന് ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

നിതിന്‍ ദേശായിയുടെ ഭാര്യ നേഹ ദേശായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖലാപൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് എടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആത്മഹത്യ പ്രേരണ (സെക്ഷന്‍ 306) അടക്കം വകുപ്പുകള്‍ ചേര്‍ത്താണ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതത് എന്നാണ് പൊലീസ് പറയുന്നത്.

എഡില്‍വെയ്‌സ് ഗ്രൂപ്പില്‍ നിന്നുമെടുത്ത ലോണിന്റെ പേരില്‍ നിരന്തരം മാനസികമായ പീഡനം നേരിട്ടുവെന്നും. പ്രതികളായ അഞ്ചുപേര്‍ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെന്നും ഇതാണ് നിതിന്റെ മരണത്തിലേക്ക് നയിച്ചത് എന്നുമാണ് നേഹയുടെ പരാതിയില്‍ പറയുന്നത്.

Top