ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബോളിവുഡ് സിനിമാ സ്റ്റൈലില്‍ മോഷണം നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍.
കരോള്‍ ബാഗിലെ ഒരു ആഭരണക്കട ഉടമയുടെ വീട്ടിലാണ് ബോളിവുഡ് സിനിമയായ’സ്‌പെഷ്യല്‍ 26′ മോഡലില്‍ വന്‍ മോഷണത്തിനു സംഘം ശ്രമിച്ചത്.
1987-ല്‍ മുംബൈയില്‍ നടന്ന ഒരു ബാങ്ക് കൊള്ളയുടെ ദൃശ്യാവിഷ്‌കാരമാണ് സ്‌പെഷ്യല്‍ 26. ആദ്യ ഘട്ടത്തിലെ ശ്രമത്തിനുശേഷം സംഘം പോലീസ് പിടിയിലായതോടെ മോഷണ പദ്ധതി പാളുകയായിരുന്നു.
ഗുണ്ടാനേതാവ് നീരജ് ബവാനിയയുമായി ബന്ധം പുലര്‍ത്തുന്നവര്‍ സിബിഐ, ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് മോഷണത്തിന് ശ്രമിച്ചത്. കഴിഞ്ഞമാസം 26ന് ഇവര്‍ കരോള്‍ ബാഗിലെ ഒരു ജ്വല്ലറി ഉടമയുടെ വീട്ടിലെത്തി.
കുടുംബാംഗങ്ങളെ തോക്കിന്‍മുനയില്‍ നിര്‍ത്തി ആഭരണങ്ങളും രേഖകളും കവര്‍ന്നു. ഇതിനിടെ വീടിന്റെ രണ്ടാം നിലയിലുണ്ടായിരുന്ന ഒരു യുവതി ബഹളം കൂട്ടിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിക്കൂടി. ഇതോടെ സംഘം വീട്ടില്‍നിന്നു കടന്നുകളയുകയായിരുന്നു.
രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പോലീസ് നടത്തിയ ഇടപെടലിലാണ് മൂന്നു പേരും അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ സിനിമാ സ്‌റ്റൈല്‍ മോഷണത്തിന്റെ കഥ പോലീസിനോടു വെളിപ്പെടുത്തി. നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
അക്ഷയ് കുമാര്‍ നായകനായി 2013-ല്‍ പുറത്തിറങ്ങിയ ‘സ്‌പെഷ്യല്‍ 26’ എന്ന സിനിമയില്‍ നിന്നാണ് മോഷണത്തിനു പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് സംഘം പോലീസിനോടു സമ്മതിച്ചു. നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്തത്. സംഘാംഗങ്ങള്‍ നിരവധി തവണ ഈ സിനിമ കണ്ടതിനുശേഷമാണ് മോഷണത്തിനിറങ്ങിയത്.
അതേസമയം സംഘത്തിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.