മുംബൈ: ബോളിവുഡിലെ പ്രമുഖ സംവിധായകനായ സുഭാഷ് ഘായിക്കെതിരെ നടിയും മോഡലുമായ കെയ്റ്റ് ശര്‍മ പീഡന പരാതിയുമായി രംഗത്ത്.
ഇത് സംബന്ധിച്ച് ശനിയാഴ്ച മുംബൈയിലെ വെര്‍സോവ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. വീട്ടിലേക്കു വിളിച്ചു വരുത്തിയ സുഭാഷ് ഘായി തന്നെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്‌തെന്നാണ് പരാതി ഉന്നയിച്ചത്. എന്നാല്‍ തന്റെ അഭിഭാഷകര്‍ ഇതിനെ കൈകാര്യം ചെയ്യുമെന്നായിരുന്നു ഘായി പ്രതികരിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് ആറിനു വീട്ടിലേക്കു വിളിച്ചു വരുത്തിയ ഘായി മോശമായി പെരുമാറിയെന്ന് കെയ്റ്റ് പറയുന്നു. ഘായിയുടെ വീട്ടിലെത്തുമ്പോള്‍ അവിടെ ആറോളം പേരുണ്ടായിരുന്നെന്നും ഇവരുടെ മുന്നില്‍ വെച്ച് തന്റെ ശരീരം തടവി തരാന്‍ ഘായി ആവശ്യപ്പെടുകായായിരുന്നെന്നും ഇതു തന്നെ ഞെട്ടിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിച്ച് തയ്യാറായെന്നും കെയ്റ്റ് പറഞ്ഞു.
എന്നാല്‍ കൈകഴുകാനായി ശുചിമുറിയിലേക്കു പോയപ്പോള്‍ പിന്തുടര്‍ന്നെത്തിയ ഘായി തന്നെ കടന്നുപിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും കെയ്റ്റ് പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ നിന്നു പോകണമെന്നു പറഞ്ഞപ്പോള്‍ ഘായി ഭീഷണിപ്പെടുത്തിയതായും കെയ്റ്റ് പറയുന്നു.