നടി രശ്മിക മന്ദാനയുടേതെന്ന പേരില്‍ ഡീപ് ഫേക്ക് വീഡിയോ ചൂടാറും മുമ്പ് ഇതാ മറ്റൊന്നുകൂടി. ബോളിവുഡ് നടി കജോളിന്റെ വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. ഒരു മലയാളി പേരുള്ള ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
കജോള്‍ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് വീഡിയോ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത്. ലക്ഷങ്ങളാണ് ഓരോ വീഡിയോക്കും കാഴ്ചക്കാര്‍. വിവിധ തലക്കെട്ടുകളില്‍ യൂട്യൂബിലും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വീഡിയോക്ക് പുറമേ നിരവധി സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെയ്ക്കപ്പെടുന്നവയില്‍ ഉണ്ട്.
കജോളിന്റേതെന്ന വ്യാജേന പ്രചരിക്കുന്ന വീഡിയോ ഡീപ് ഫേക്ക് ആണെന്ന് ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്തു. ഒരു സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറിന്റെ ദൃശ്യത്തില്‍ നടിയുടെ മുഖം കൃത്രിമമായി ചേര്‍ക്കുകയായിരുന്നുവെന്നും ബൂം ലൈവ് റിപ്പോര്‍ട്ടിലുണ്ട്. ഒരു ടിക് ടോക് അക്കൗണ്ടിലാണ് ഈ വീഡിയോ ഉണ്ടാക്കാനുപയോഗിച്ച യഥാര്‍ത്ഥ ദൃശ്യം അപ് ലോഡ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
കജോളിന്റെ വ്യാജവീഡിയോ നിര്‍മിക്കാനുപയോഗിച്ച യഥാര്‍ത്ഥ വീഡിയോയില്‍ നിന്ന്. ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ബൂം ലൈവ് പുറത്തുവിട്ട ചിത്രം.
ടിക് ടോക്കിലെ ഗെറ്റ് റെഡി വിത് മീ എന്ന ട്രെന്‍ഡിനനുസരിച്ച് തയ്യാറാക്കിയ വീഡിയോ ആണിത്. സ്വന്തം ദൈനംദിന കാര്യങ്ങളാണ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഇതുവഴി പങ്കുവെയ്ക്കുന്നത്. തങ്ങളുടെ ഫോളോവര്‍മാരുമായി അടുത്തബന്ധം പുലര്‍ത്തുക എന്ന ലക്ഷ്യമാണിതിനുള്ളത്. അതേസമയം കജോളിന്റെ വ്യാജവീഡിയോയ്ക്ക് ആധാരമായ യഥാര്‍ത്ഥ വീഡിയോ പോസ്റ്റ് ചെയ്ത പേജിന്റെ വിശദാംശങ്ങള്‍ ബൂം ലൈവ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കജോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.