പാനൂരില്‍ സിപിഎം പ്രകടനത്തിനു നേരെ ബോംബേറ്; എട്ടു പേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: പാനൂരില്‍ സിപിഎം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ പോലീസുകാരുള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റു.

പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അശോകന്‍, മോഹനന്‍, ഭാസ്‌കരന്‍, ചന്ദ്രന്‍, ബാലന്‍ എന്നിവര്‍ക്കും പാനൂര്‍ സിഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്കുമാണ് പരിക്കേറ്റത്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പാനൂര്‍ കൈവേലിക്കലിലായിരുന്നു സംഭവം.

ആര്‍എസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.

പരിക്കേറ്റ സി.ഐ ആശുപത്രിയിലെ പ്രഥമ ശ്രുശ്രൂഷക്ക് ശേഷം സംഭവസ്ഥലത്ത് തിരിച്ചെത്തി ക്രമസമാധാനതിന് നേതൃത്വം നല്‍കി.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ സി.പി.എം.തിങ്കളാഴ്ച പാനൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

വാഹനങ്ങളെയും അവശ്യ സര്‍വ്വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സ്ഥലത്ത് സിപിഐ എം ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ട് കെട്ടിയ കൊടികളും ബോര്‍ഡുകളുമെല്ലാം കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്താന്‍ സിപിഐ എം തീരുമാനിക്കുകയായിരുന്നു. ഈ പ്രതിഷേധപ്രകടനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ തലശേരി സഹകരണ ആശുപതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം കെ സി മുക്കിലും സമാന രീതിയില്‍ ആക്രമണങ്ങള്‍ ഉണ്ടായി.

Top