അയല്‍വാസിയെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമം; പ്ലസ് ടു വിദ്യാര്‍ത്ഥി പിടിയില്‍

പാരിപ്പള്ളി: മൈലാടുംപാറയില്‍ അയല്‍വാസിയെ നാടന്‍ ബോബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് പാരിപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന തുമ്പ സ്റ്റേഷന്‍കടവ് പനച്ചിമൂട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അഖിലിനെ (19) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ പാല്‍ വാങ്ങാന്‍ പോവുകയായിരുന്ന പ്രദേശവാസിയായ അഫ്‌സലിനെ പിന്തുടര്‍ന്ന് മൈലാടുംപാറ – ഇ.എസ്.ഐ റോഡില്‍ വച്ച് അഖില്‍ നാടന്‍ ബോംബെറിയുകയായിരുന്നു. ബോംബ് ദേഹത്ത് തട്ടാതെ റോഡില്‍ വീണ് പൊട്ടിയതിനാല്‍ അഫ്‌സലിന് പരിക്കേറ്റില്ല. ഉഗ്രശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി ഓടിമറഞ്ഞു.

വിവരമറിഞ്ഞെത്തിയ പാരിപ്പള്ളി എസ്.ഐ രാജേഷ്, എ.എസ്.ഐ സലിം, സി.പി.ഒ മിഥുന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് അഞ്ച് ബോംബുകള്‍ പൊലീസ് കണ്ടെടുത്തു. പ്രതിയെ ഇന്ന് പരവൂര്‍ കോടതിയില്‍ ഹാജരാക്കും. ദിവസവും രാവിലെ നടക്കാനിറങ്ങുന്ന ഇരുവരും തമ്മിലുള്ള നിസാര വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ അഖില്‍ നാല് മാസം മുമ്പാണ് പാരിപ്പള്ളിയിലെത്തിയത്. ബോംബ് നിര്‍മ്മിച്ചതിനും ഉപയോഗിച്ചതിനും അഖിലിനെതിരെ തുമ്പ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുണ്ട്. ഇതുകാരണം വീട്ടുകാര്‍ പാരിപ്പള്ളിയില്‍ വാടക വീട്ടിലേക്ക് താമസം മാറ്റുകയും അഖിലിനെ ഇവിടെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പ്ലസ് ടുവിന് ചേര്‍ക്കുകയുമായിരുന്നു.

തിരുവനന്തപുരത്ത് നിന്ന് ഉത്സവ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന അമിട്ട് വാങ്ങി വെടിമരുന്ന് വേര്‍തിരിച്ച് അതിനോടൊപ്പം മെറ്റല്‍, കുപ്പിച്ചില്ല്, ആണി എന്നിവ ചേര്‍ത്താണ് ഇയാള്‍ നാടന്‍ബോംബ് നിര്‍മ്മിച്ചിരുന്നത്. അഖിലിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ബോംബുകള്‍ കൊല്ലത്ത് നിന്നെത്തിയ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി.

Top