bomb blast base movement-nia

കൊച്ചി: മലപ്പുറത്തെയും കൊല്ലത്തെയും സിവില്‍ സ്റ്റേഷന്‍ വളപ്പിലുണ്ടായ സ്‌ഫോടനങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത്. പിടിയിലായവര്‍ ബേസ് മൂവ്‌മെന്റ് സംഘടന ഉണ്ടാക്കിയവരെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ബേസ് മൂവ്‌മെന്റ് നടത്തിയ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിറകിലെ ബുദ്ധികേന്ദ്രം അബ്ബാസും ദാവൂദുമായിരുന്നു.

അബ്ബാസും ഷംസൂദ്ദീനും ചേര്‍ന്ന് ബോംബുകള്‍ നിര്‍മ്മിച്ചപ്പോള്‍ സ്‌ഫോടനസ്ഥലത്ത് ഉപേക്ഷിക്കേണ്ട പെന്‍ഡ്രൈവിലേക്ക് ആവശ്യമായ വിവരങ്ങള്‍ തയ്യാറാക്കിയത് ദാവൂദാണ്. പിടിയിലായവര്‍ ഡിസംബറില്‍ ബംഗളൂരുവില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ സ്ഥിരീകരിച്ചു.

സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍ കണ്ടെടുത്ത പോസ്റ്ററുകളെല്ലാം മധുരയില്‍ നിന്ന് അറസ്റ്റിലായ സംസംകരീം രാജയുടെ പ്രസ്സിലാണ് അച്ചടിച്ചത്. കരീമും ദാവൂദും ചേര്‍ന്നാണ് അഞ്ച് ഇടങ്ങളിലും ബോംബുകള്‍ സ്ഥാപിച്ചത്.

പ്രാദേശിക ഗുണ്ടാനേതാവ് കൂടിയായ ഷംസൂദ്ദീന്റെ പേരില്‍ ലോക്കല്‍ പോലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മധുരയില്‍ നിന്നും ചെന്നൈയില്‍ നിന്നും അറസ്റ്റിലായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് എന്‍ഐഎ ഇക്കാര്യം അറിയിച്ചത്.

പ്രതികളെ ഇന്ന് ബെംഗളൂരുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണഉദ്യോഗസ്ഥര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

Top