ബോംബ് സൈക്ലോണില്‍ തണുത്തുറഞ്ഞ് അമേരിക്കന്‍ സംസ്ഥാനങ്ങളും കാനഡയും, 20 മരണം

ഫ്‌ളോറിഡ: കഴിഞ്ഞ രണ്ടു ദിവസത്തിലധികമായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും കിഴക്കന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ ദുരിതത്തില്‍. വിര്‍ജീനിയ, ജോര്‍ജിയ, സൗത്ത് കരോളൈന, ഫ്‌ളോറിഡ സംസ്ഥാനങ്ങളിലെ ജനങ്ങളാണ് കനത്തമഞ്ഞും ശീതക്കാറ്റും മൂലം പ്രശ്‌നത്തിലായത്.

ചിലയിടങ്ങളില്‍ മൈനസ് 29 ഡിഗ്രി സെല്‍ഷസാണു താപനില. ഇതുവരെയായി 20 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

തെക്കന്‍ സംസ്ഥാനങ്ങളിലെ പലയിടത്തും മൈനസ് 18 മുതല്‍ 43 ഡിഗ്രിവരെയാണ് താപനില. ന്യൂഹാംഷയറിലെ മൗണ്ട് വാഷിങ്ടണില്‍ മൈനസ് 70 ഡിഗ്രിവരെയയായി താപനില. കിഴക്കന്‍ സംസ്ഥാനങ്ങളോട് ചേര്‍ന്നുകിടക്കുന്ന കാനഡയിലെ നോര്‍ത്തേണ്‍ ഒന്റാറിയോയിലും ക്യൂബക്കിലും താപനില മൈനസ് 50 ഡിഗ്രിയിലേക്കെത്തുകയാണ്.

കാലാവസ്ഥാ നിരീക്ഷകര്‍ ‘ബോംബ് സൈക്ലോണ്‍’ എന്നു വിളിക്കുന്ന പ്രതിഭാസമാണ് കിഴക്കന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളും കാനഡയും ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കിഴക്കന്‍ അമേരിക്കയുടെ മൂന്നില്‍ രണ്ടു ഭാഗത്തും താപനില ഇനിയും താഴാനാണു സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

ശീതക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍സംസ്ഥാനങ്ങളിലെ മൂവായിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു. ജോര്‍ജിയയില്‍ മാത്രം 45,000 പേര്‍ക്കു വൈദ്യുതി ഇല്ലാതായി. സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളം, സൗത്ത് കാരലൈനയിലെ ചാള്‍സ്റ്റണ്‍ വിമാനത്താവളം എന്നിവയെയാണ് അതിശൈത്യം കൂടുതല്‍ ബാധിച്ചത്.

കാനഡയിലും രണ്ടാഴ്ചയോളമായി കനത്ത ശൈത്യമാണ്. മോണ്‍ട്രിയല്‍, ടൊറന്റോ വിമാനത്താവളങ്ങളില്‍നിന്നുള്ള പല സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

Top