ബയ്‌റൂട്ട്: സിറിയയില്‍ കുര്‍ദ്ദിഷ് വിവാഹം നടക്കുന്നതിനിടയില്‍ ചാവേര്‍ ബോംബ് പൊട്ടിത്തെറിച്ച് 30 പേര്‍ കൊല്ലപ്പെട്ടു.
സിറിയന്‍ ഡെമോക്രാറ്റിക്ക് സേന(എസ്. ഡി.എഫ്) അംഗത്തിന്റെ വിവാഹം നടന്ന ഹാളിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. വടക്ക് കിഴക്കന്‍ പ്രവിശ്യയായ ഹാസകേഹിലാണ് സംഭവം നടന്നത്.
വടക്കന്‍ സിറിയയില്‍ ഐസിസിന് എതിരെ പോരാടുന്ന അറബ് കുര്‍ദ്ദിഷ് സഖ്യമാണ് എസ്. ഡി.എഫ്.
വധുവും വരനും പ്രതിജ്ഞ ചെയ്യുന്ന സമയത്താണ് ചാവേര്‍ കടന്നുവന്നതെന്ന് ദൃക്‌സാക്ഷിയായ യുവാവ് പറയുന്നു. അപരിചിതനായ അയാളെ നോക്കി നിമിഷങ്ങള്‍ക്കുള്ളില്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണത്തില്‍ വരനും കൊല്ലപ്പെട്ടെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും വരനും വധുവും സുരക്ഷിതരായിരിക്കുന്നുവെന്ന് വരന്റെ ബന്ധുക്കള്‍
അറിയിച്ചിട്ടുണ്ട്.
കുര്‍ദ്ദിഷ് പോരാളികളുടെ കൂട്ടത്തിനു നേരെ തങ്ങളുടെ പോരാളി നടത്തിയ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടന്നാണ് ഐഎസിന്റെ അവകാശവാദം.എന്നാല്‍ ഇത് വിവാഹ സംഘമാണെന്ന് പരാമര്‍ശിച്ചിട്ടില്ല.