മനോഹര്‍ പരീക്കറിന്റെ ആരോഗ്യനിലയെന്തെന്ന് അറിയിക്കണമെന്ന് ബോംബെ ഹൈക്കോടതി

Manohar Parrikar

മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യനിലയെന്തെന്ന് അറിയിക്കണമെന്ന് ബോംബെ ഹൈക്കോടതി ഗോവ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ചീഫ് സെക്രട്ടറിയോടാണ് കോടതി നിര്‍ദേശം നല്‍കിയത്.

പരീക്കറിനെ മാസങ്ങളായി പൊതുവേദികളില്‍ കാണുന്നില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ഗോവ ഫോര്‍വാര്‍ഡ് മെമ്ബര്‍ ട്രാജനോ ഡിമെല്ലോ ആണ് കോടതിയില്‍ ഹര്‍ജി നല്കിയത്.

ജസ്റ്റിസുമാരായ ആര്‍ എം ബോര്‍ഡെ,പൃഥിരാജ് കെ ചവാന്‍ എന്നിവരാണ് പരീക്കറിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കാന്‍ ആവശ്യപ്പെട്ടത്.

മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറാണെന്നും അതിനാല്‍ തന്നെ ഭരണപരമായ തീരുമാനങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിന്റേതല്ലെന്നും ഇത്തരം തീരുമാനങ്ങള്‍ അദ്ദേഹത്തിന് തനിച്ചെടുക്കാന്‍ സാധിക്കില്ലെന്നും പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രിക്ക് സ്വകാര്യതയുണ്ടെന്നും അതിനാല്‍ മൗലികാവകാശം കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.എന്നാല്‍ പരാതിക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയാല്‍ മാത്രമേ എല്ലാ രീതിയിലും കേസ് പരിഗണിക്കാന്‍ സാധിക്കൂ എന്ന് കോടതി പറഞ്ഞു.

Top