കേസുകള്‍ തീര്‍പ്പാക്കാന്‍ പുലര്‍ച്ചെ വരെ കോടതിയില്‍: ചരിത്രം സൃഷ്ടിച്ച് ഹൈക്കോടതി ജഡ്ജി

bombay hc

മുംബൈ: കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പുലര്‍ച്ചെ മൂന്നര വരെ കോടതിയിലിരുന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മുംബൈ ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് എസ്.ജെ കതവല്ലയാണ് പുലര്‍ച്ചെ വരെ കോടതിയില്‍ ചെലവഴിച്ച് റെക്കോര്‍ഡിട്ടത്. മെയ് അഞ്ചു മുതല്‍ കോടതി വേനലവധിയ്ക്ക് പിരിയുന്നതിനാലാണ് കേസുകള്‍ തീര്‍പ്പാക്കാന്‍ ജഡ്ജി പുലര്‍ച്ചെ വരെ കോടതിയിലിരുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി അര്‍ധരാത്രി വരെ കതവല്ലയുടെ കോടതി മുറി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വെള്ളിയാഴ്ച അത് പുലര്‍ച്ചെ മൂന്നര വരെ പ്രവര്‍ത്തിച്ച് റെക്കോര്‍ഡിഡുകയായിരുന്നു. ഇത്രയും നേരം കോടതിയിലിരിക്കുക മാത്രമല്ല, 135 കേസുകളില്‍ അദ്ദേഹം തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു. ഇതില്‍ 70 കേസുകള്‍ അതീവ പ്രാധാന്യമുള്ളവയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

അഭിഭാഷകരും അന്യായക്കാരും കോടതി ജീവനക്കാരും പുലര്‍ച്ചെ വരെ പണിയെടുത്തെങ്കിലും പരിഗണിച്ച എല്ലാ കേസുകളും അടിയന്തിര സ്വഭാവമുള്ളതായതിനാല്‍ ആരും പരാതി ഉന്നയിച്ചില്ലെന്ന് പുലര്‍ച്ചെ കോടതിയില്‍ നിന്നിറങ്ങിയ അഭിഭാഷകന്‍ പറഞ്ഞു. എല്ലാ കേസുകളും തീര്‍പ്പാക്കിയതിനു ശേഷം മാത്രമേ താന്‍ കോടതി നടപടികള്‍ അവസാനിപ്പിക്കുവെന്ന് കതവല്ല കക്ഷികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നുവെന്നാണ് വിവരം.

Top