റയാന്‍ സ്‌കൂള്‍ ഉടമകള്‍ രാജ്യം വിടരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന് ബോംബെ ഹൈക്കോടതി

ന്യൂഡല്‍ഹി: ഹരിയാന ഗുരുഗ്രാം റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ രാജ്യം വിട്ടുപോകരുതെന്ന് ബോംബെ ഹൈക്കോടതി.

സ്‌കൂള്‍ സ്ഥാപകന്‍ അഗസ്റ്റിന്‍ ഫ്രാന്‍സിസ് പിന്റോ, റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും അഗസ്റ്റിന്‍ ഫ്രാന്‍സിസിന്റെ ഭാര്യയുമായ ഭാര്യ ഗ്രേസ് പിന്റോ, റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൂപ്പ് സിഇഒയും ഇവരുടെ മകനുമായ റയാന്‍ പിന്റോ എന്നിവരോട് പാസ്പോര്‍ട്ട് വ്യാഴാഴ്ച രാത്രി ഒമ്പതിനു മുമ്പായി കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് വരെ സ്‌കൂളിന്റെ മൂന്നു ട്രസ്റ്റിമാരെയും അറസ്റ്റ് ചെയ്യരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് സ്‌കൂള്‍ ട്രസ്റ്റിമാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യഹര്‍ജിയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് എതിര്‍വാദം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റയാന്‍ ഇന്റര്‍നാഷണലിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന്‍ ഠാക്കൂറിനെ സ്‌കൂളിന്റെ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Top