ന്യൂഡല്‍ഹി: വിവാഹിതനാകുന്നതിനു വേണ്ടി അബു സലീം നല്‍കിയ അപേക്ഷ കോടതി തള്ളി. 1993 ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതിയായ അബു സലീം വിവാഹിതനാകുന്നതിന് വേണ്ടി പരോള്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. 45 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാണ് അപേക്ഷയില്‍ അബു സലീം ആവശ്യപ്പെട്ടത്. മുംബൈ സ്വദേശിനിയായ കൗസര്‍ ബഹാറിനെയാണ് അബു വിവാഹം ചെയ്യുന്നത്.
എന്നാല്‍ അപേക്ഷ അധികൃതര്‍ ഏപ്രിലില്‍ തന്നെ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ട് അബു സലീം ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം മനസിലാക്കാതെയാണ് കൊങ്കണ്‍ ഡിവിഷണല്‍ കമ്മീഷണറും അപ്പലേറ്റ് അതോറിറ്റിയും അപേക്ഷ തള്ളിയതെന്നാണ് കോടതിയില്‍ സലേമിന്റെ അഭിഭാഷകന്‍ വാദിച്ചത്.
തലോജ ജയിലിലാണ് ഇപ്പോള്‍ അബു ഉള്ളത്. കൗസറിനെ ഫോണിലൂടെ വിവാഹം ചെയ്തതായി 2014ല്‍ ഒരു കേസുമായി ബന്ധപ്പെട്ട് ലക്‌നൗവിലെ കോടതിയിലേക്ക് ട്രെയിനില്‍ പോകുമ്പോഴായിരുന്നു അബു സലീം വെളിപ്പെടുത്തിയത്. തനിക്ക് സലീമിനെ വിവാഹം ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കൗസര്‍ കോടതിയില്‍ പറഞ്ഞിരുന്നു.
പോര്‍ച്ചുഗല്‍ 2005 ല്‍ ഇന്ത്യയ്ക്ക് കൈമാറിയ സലീം അന്ന് മുതല്‍ ജയിലില്‍ കഴിയുകയാണ്. കഴിഞ്ഞ വര്‍ഷമാണ് 1993ലെ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് സലീമിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.