ഇന്ദ്രാണി മുഖര്‍ജിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പരമ്പരക്ക് കടിഞ്ഞാണ്‍ ഇട്ട് ബോംബെ ഹൈക്കോടതി

മുംബൈ: ഷീന ബോറ വധക്കേസിലെ പ്രധാന പ്രതിയായ ഇന്ദ്രാണി മുഖര്‍ജിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പരമ്പര ‘ദി ഇന്ദ്രാണി മുഖര്‍ജി സ്റ്റോറി: ബറീഡ് ട്രൂത്തി’ന്റെ പ്രദര്‍ശനം തടഞ്ഞ് ബോംബെ ഹൈക്കോടതി. നെറ്റ്ഫ്‌ളിക്‌സിനോട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കുമുമ്പാകെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സി.ബി.ഐ ആണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച സീരീസിന്റെ സ്ട്രീമിങ് തുടങ്ങാനിരിക്കേയാണ് കോടതിയുടെ നടപടി.

എന്തുകൊണ്ട് വെബ് സീരീസ് സി.ബി.ഐക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൂടാ എന്ന് കോടതി ചോദിച്ചു. നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രവി കദം ഇതിനെ എതിര്‍ത്തു. അങ്ങനെയൊന്ന് ചെയ്യേണ്ടിയിരുന്നെങ്കില്‍ സി.ബി.ഐക്ക് നേരത്തേ കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ പരമ്പരയുടെ റിലീസ് കുറച്ചുദിവസത്തേക്ക് മാറ്റിവെയ്ക്കാം എന്നതില്‍ കോടതി ഉറച്ചുനിന്നതോടെ അദ്ദേഹം വഴങ്ങുകയായിരുന്നു. അടുത്ത ഹിയറിങ്ങിന് മുമ്പേ സീരീസ് റിലീസ് ചെയ്യില്ലെന്ന് പിന്നീട് രവി കദം പറഞ്ഞു. ഡോക്യൂ സീരീസിനുവേണ്ടി അഞ്ച് സാക്ഷികളെ അഭിമുഖം ചെയ്തതായും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

സീരീസിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച പ്രത്യേക കോടതി തള്ളിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ സി.ജെ.നന്ദോഡ് വഴി സമര്‍പ്പിച്ച അപേക്ഷയില്‍, വിചാരണ പൂര്‍ത്തിയാകുന്നതുവരെ നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കുന്നത് തടയാനും പ്രതികള്‍ക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും നിര്‍ദേശം നല്‍കണമെന്ന് സി.ബി.ഐ. കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തെളിവുകള്‍ നല്‍കാതെ പുതിയ വെളിപ്പെടുത്തലുകള്‍ എന്ന പ്രചാരണ അവകാശവാദങ്ങളുള്ള ഡോക്യുമെന്ററിക്ക് മുന്‍വിധിയോടെയുള്ള അന്തരീക്ഷം സൃഷ്ടിക്കാനും പൊതുജനങ്ങളെ, പ്രത്യേകിച്ച് പ്രോസിക്യൂഷന്‍ സാക്ഷികളെ തെറ്റിദ്ധരിപ്പിക്കാനും കഴിയുമെന്ന് അന്വേഷണ ഏജന്‍സി ചൊവ്വാഴ്ച വാദിച്ചു. എന്നാല്‍ ഇത്തരമൊരു ഹര്‍ജിയില്‍ നിര്‍ദേശം നല്‍കാന്‍ ഹൈക്കോടതികള്‍ക്കും സുപ്രീം കോടതിക്കും മാത്രമേ അധികാരമുള്ളൂ എന്നാണ് നെറ്റ്ഫ്ളിക്സിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അബാദ് പോണ്ട വാദിച്ചത്.

അന്വേഷണ ഏജന്‍സിക്ക് ഉചിതമായ നിയമനടപടി സ്വീകരിക്കാമെന്ന് സി.ബി.ഐ. പ്രത്യേക ജഡ്ജി എസ്.പി. നായിക്നിംബാല്‍ക്കര്‍ പറഞ്ഞു. ഇന്ദ്രാണിക്ക് സുപ്രീം കോടതി ജാമ്യം നല്‍കുകയും അവരുടെ മോചനത്തിന് ചില വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ജാമ്യ വ്യവസ്ഥകള്‍ അവര്‍ ലംഘിച്ചുവെന്ന് സി.ബി.ഐ. വാദിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. നിയമപരമായ വ്യവസ്ഥകളൊന്നും ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലാത്തതിനാലും ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ ഈ കോടതിക്ക് അധികാരമില്ലാത്തതിനാലും അപേക്ഷ നിരസിക്കുന്നുവെന്നും ചൊവ്വാഴ്ച കോടതി പറഞ്ഞിരുന്നു.

ഷാന ലെവി, ഉറാസ് ബാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഡോക്യു സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രാണി മുഖര്‍ജി, മക്കളായ വിധി മുഖര്‍ജി, മിഖൈല്‍ ബോറ എന്നിവരും ഇതില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യ വിവാഹത്തിലെ മകള്‍ ഷീന ബോറയെ (25) 2012-ല്‍ ശ്വാസംമുട്ടിച്ചു കൊന്നെന്ന കേസില്‍ പിടിയിലായ ഇന്ദ്രാണി 2015 മുതല്‍ വിചാരണത്തടവിലായിരുന്നു. 2022-ല്‍ ഇന്ദ്രാണിക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഷീനയെ ഇന്ദ്രാണി കൊലപ്പെടുത്തി കത്തിച്ചെന്നാണു കേസ്. ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താക്കന്‍മാരായ സഞ്ജീവ് ഖന്നയും പീറ്റര്‍ മുഖര്‍ജിയും കേസില്‍ പ്രതികളാണ്. ബോംബെ ഹൈക്കോടതിയുടെ നടപടിയോടെ ‘ദി ഇന്ദ്രാണി മുഖര്‍ജി സ്റ്റോറി ദി ബറിഡ് ട്രൂത്ത്’ എന്ന ഡോക്യുമെന്ററി സീരീസിന്റെ സംപ്രേഷണം അടുത്തകാലത്തൊന്നും ആരംഭിക്കില്ല എന്നാണ് സൂചന.

Top