ന്യൂഡല്‍ഹി: അമിതമായ ജോലി ഭാരത്താല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മേലുദ്യോഗസ്ഥന്‍ ഉത്തരവാദിയല്ലെന്ന് സുപ്രീംകോടതി. ജോലി ചെയ്യാന്‍ നിര്‍ദേശിക്കുന്നത് മേലുദ്യോഗസ്ഥന്റെ കടമയാണെന്നും ഇതിനെ ക്രിമിനല്‍ മനസായി കണക്കാക്കാന്‍ കഴിയില്ലെന്നുമാണ് കോടതി വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്തിരുന്ന കിഷോര്‍ പരാശര്‍ എന്നയാള്‍ 2017ല്‍ ആത്മഹത്യ ചെയ്തിരുന്നു. അവധി ദിവസങ്ങളില്‍ പോലും മേലുദ്യോഗസ്ഥന്‍ അമിതമായി ജോലി ചെയ്യിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് കിഷോര്‍ ആത്മഹത്യ ചെയ്തതെന്ന് ഭാര്യ ആരോപിച്ചിരുന്നു.
എന്നാല്‍, കേസില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേലുദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചു. മരണത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും ഇതിനുള്ള സാഹചര്യം ഒരുക്കിയതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന നിലപാടും അറിയിച്ചു. ഹര്‍ജി കോടതി തള്ളുകയായിരുന്നു
ബോംബെ ഹൈക്കോടതിയിലെ ഔറംഗബാദ് ബെഞ്ചാണ് ഇത്തരത്തില്‍ വിധി പ്രസ്താവിച്ചത്. ഈ വിധി തള്ളികൊണ്ടാണ് സുപ്രീം കോടതിയുടെ വിധി എത്തിയത്. ജസ്റ്റിസുമാരായ അരുണ്‍കുമാര്‍ മിശ്ര, യു.യു ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ വിധി പ്രസ്താവിച്ചിരിക്കുന്നത്.