തിരുവനന്തപുരം: കോട്ടൂരില്‍ പൊലീസിന് നേരെയും വീടുകള്‍ക്കു നേരെയും പെട്രോള്‍ ബോംബെറിയുകയും കല്ലേറ് നടത്തിയും മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിടുകയും ചെയ്ത കേസില്‍ 11 പേരെ കൂടെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം പിടിയിലായ അമന്‍ എന്ന 19 കാരനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാടിനുള്ളിലെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് കൂട്ടുപ്രതികളെ പൊലീസ് പിടികൂടിയത്.
ഉഴമലയ്ക്കല്‍ പുതുകുളങ്ങര ആസിഫ്( 25 ), പൂവച്ചല്‍ കൊണ്ണിയൂര്‍ വസീം( 22), പൂവച്ചല്‍ ഉണ്ടപ്പാറ ആഷിഖ് ( 19 ), അരുവിക്കര മുണ്ടേല സിബി വിജയന്‍ ( 22), വീരണകാവ് രഞ്ജിത്ത്( 22), വീരണകാവ് മുള്ളുപാറയ്ക്കല്‍ അഭിജിത്ത് ( 22), അമ്പൂരി തേക്കുപാറ രതീഷ് ( 22), അമ്പൂരി കുടപ്പനമൂട് അനു( 31), കാട്ടാക്കട ആമച്ചല്‍ ശരത് ( ശംഭു, 23), കോട്ടൂര്‍ നെല്ലികുന്ന് കോളനിയില്‍ അജിത്ത് ( 23), പൂവച്ചല്‍ പന്നിയോട് കുന്നില്‍ വീട്ടില്‍ ഹരിക്യഷ്ണന്‍ ( 23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
നെല്ലിക്കുന്ന് കോളനിയിലും കോട്ടൂര്‍ വനമേഖലകളിലുമായി വളര്‍ന്നു വരുന്ന കഞ്ചാവ് , ലഹരിമരുന്ന്, വ്യാജവാറ്റ് മാഫിയകള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തതിന്റെ പ്രതികാരമായാണ് പ്രതികള്‍ പൊലീസ് ജീപ്പില്‍ പെട്രോള്‍ ബോംബെറിഞ്ഞ ശേഷം ആക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ സിപിഒ ടിനോ ജോസഫ് ഇപ്പോഴും ചികില്‍സയിലാണ്.
പിടിയിലായ പ്രതികള്‍ പലരും മുന്‍പും കുറ്റ ക്യത്യങ്ങളില്‍ ഏര്‍പ്പെട്ട് ജയില്‍ വാസം അനുഭവിച്ചിട്ടുള്ളതാണ്. കൊലപാതകം, കൊലപാതകശ്രമം, വാഹനമോഷണം, ഭവനഭേദനം, ബൈക്കില്‍ കറങ്ങി മാലപൊട്ടിക്കല്‍ തുടങ്ങിയ കുറ്റക്യത്യങ്ങളില്‍ ജില്ലയിലും തമിഴ്നാട്ടിലും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ടെന്നും പൊലീസ് പറയുന്നു.പ്രതികളുമായി വനമേഖലയില്‍ ഉള്‍പ്പടെ നടത്തിയ തെളിവെടുപ്പില്‍ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു.