മലപ്പുറം: മലപ്പുറം കലക്ടറേറ്റില്‍ ഇന്നുണ്ടായത് ബോംബ് സ്‌ഫോടനം തന്നെയെന്ന് എസ്.പി. അമോണിയം നൈട്രേറ്റ് ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ബേസ് മൂവ്‌മെന്റ് എന്ന് എഴുതിയ ഒരു പെട്ടി സംഭവ സ്ഥലത്തു നിന്നു കണ്ടെടുത്തു.അല്‍ക്വൊയ്ദയുടെ ഇന്ത്യന്‍ രൂപമാണ് ബെയ്‌സ് മൂവ്‌മെന്റെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
പെട്ടിയില്‍നിന്നും ലഘുലേഖകളും പെന്‍ഡ്രൈവും കണ്ടെടുത്തു.യുപിയില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖാലാക്കിനെ കുറിച്ചാണ് ഇംഗ്ലീഷിലുള്ള ലഘുലേഖയില്‍ പറയുന്നത്.
അഖ്‌ലാക്കിന്റെ കൊലപാതകം കോടതികള്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തിനും നാണക്കേടുണ്ടാക്കിയെന്നു ലഘുലേഖയില്‍ പറയുന്നു. നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നു പറഞ്ഞുകൊണ്ടാണ് ലഘുലേഖ അവസാനിക്കുന്നത്. അല്‍ ഖായിദ തലവനായിരുന്ന ബിന്‍ ലാദന്റെ ചിത്രവും ലഘുലേഖയിലുണ്ട്.
ബേസ് മൂവ്‌മെന്റ് എന്ന പേരില്‍ നേരത്തെ ആന്ധ്രയിലെ ചിറ്റൂരിലും കര്‍ണാടകയിലും കോടതി പരിസരത്ത് തീവ്രവാദ ഗ്രൂപ്പുകള്‍ സ്‌ഫോടനം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
കൊല്ലം കലക്ടറേറ്റ് സ്‌ഫോടനത്തോടു സമാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലപ്പുറം ജില്ലാ ഫ്‌സ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരിസരത്തു നിര്‍ത്തിയിട്ട കാറിലാണു പൊട്ടിത്തെറിയുണ്ടായത്. ഡിഎംഒ(ഹോമിയോ)യുടെ കാറിന്റെ പിന്‍വശത്താണു പൊട്ടിത്തെറിയുണ്ടായത്.
കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. ടയറുകള്‍ പഞ്ചറായി. തൊട്ടടുത്തു നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളുടെ ചില്ലു തകര്‍ന്നു.
ഉച്ചയ്ക്ക് ഒന്നോടെയാണു പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിനു ശേഷം കരിമരുന്നിന്റെ ഗന്ധം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നതായി കോടതി പരിസരത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വഷിക്കുമെന്ന് മലപ്പുറം കലക്ടര്‍ എ.ഷൈനാമോള്‍ പറഞ്ഞു. കൊല്ലത്ത് സ്‌ഫോടമുണ്ടായപ്പോള്‍ ഷൈനാമോളായിരുന്നു കലക്ടര്‍.
ഡിവൈഎസ്പി പി.എം. പ്രദീപിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ട്. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന വലിയ തരം ബാറ്ററിയുടെ അവശിഷ്ടം സ്ഥലത്തു നിന്നു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ കാറിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ചു സമഗ്ര അന്വേഷണം തുടങ്ങിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇക്കാര്യത്തില്‍ ആവശ്യമുണ്ടെങ്കില്‍ കേന്ദ്ര സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.