‘ലോകത്തിന് അവള്‍ ചാന്ദ്‌നി, എനിക്ക് പ്രണയിനി’ ; സ്‌നേഹാര്‍ദ്രമായ ബോണി കപൂറിന്റെ ഓര്‍മ്മ കുറിപ്പ്

sridevi-boney

ബോളിവുഡിന്റെ താരറാണിയായിരുന്ന ശ്രീദേവിയുടെ സംസ്‌കാരത്തിന് ശേഷം അവരുടെ ട്വിറ്റര്‍ പേജില്‍ ഭര്‍ത്താവ് ബോണികപൂറിന്റെ ഓര്‍മ്മകുറിപ്പ്.

ഈ ലോകത്തിന് അവള്‍ ചാന്ദ്‌നിയായിരുന്നു. സമാനതകളില്ലാത്ത അഭിനേത്രി. അവരുടെ ശ്രീദേവി. എന്നാല്‍ എനിക്ക് അവളെന്റെ പ്രണയിനിയായിരുന്നു, സുഹൃത്തായിരുന്നു, എന്റെ പെണ്‍കുട്ടികളുടെ അമ്മയായിരുന്നു. എന്റെ മക്കള്‍ക്ക് അവള്‍ എല്ലാമായിരുന്നു. അവളെച്ചുറ്റിയാണു ഞങ്ങളുടെ കുടുംബം ചലിച്ചിരുന്നത്. അവളുടെ നഷ്ടം വാക്കുകള്‍ക്ക് അതീതമാണെന്നും സന്ദേശത്തില്‍ ബോണി കപൂര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കൂടെ നിന്ന കുടുംബത്തിനും സുഹൃുത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം എണ്ണിയാല്‍ തീരാത്ത ശ്രീദേവിയുടെ ആരാധകര്‍ക്കും കൃതജ്ഞത അറിയിക്കുന്നതായും ബോണി കൂട്ടിച്ചേര്‍ത്തു.

അര്‍ജുന്‍ കപൂര്‍, അന്‍ശുല എന്നിവരുടെ സാമീപ്യം തനിക്കും മക്കളായ ഖുശി, ജാന്‍വി എന്നിവര്‍ക്കും വലിയ അനുഗ്രഹമായെന്നും ബോണി ട്വീറ്റ് ചെയ്തു. ശ്രീദേവിയുടെ വിയോഗത്തിന്റെ ദു:ഖം തരണം ചെയ്യുന്നതില്‍ തന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ബോണി ശ്രീദേവിയുടെ പേജില്‍ ട്വീറ്റ് ചെയ്തു.വെള്ളിത്തിരയില്‍ അവര്‍ മിന്നിത്തിളങ്ങി കൊണ്ടിരിക്കുമെന്നും ശ്രിയില്ലാത്ത ഈ ലോകത്ത് മക്കളുമായി ജീവിതം മുന്നോട്ട് നീക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ബോണി ട്വീറ്റ് ചെയ്തു.

Top