ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അടുത്ത തലമുറ ആര്‍സി 390 അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ മാസമോ അടുത്ത മാസത്തിലോ പുതിയ കെടിഎം ആര്‍സി 390 വിപണിയില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, ചില കെടിഎം ഡീലര്‍ഷിപ്പുകള്‍ പുത്തന്‍ ആര്‍സി 390യുടെ ബുക്കിംഗ് അനൗദ്യോഗികമായി തുടങ്ങിക്കഴിഞ്ഞതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 5,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ബുക്കിംഗ് തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
373.2 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് ഫ്യുവല്‍-ഇന്‍ജെക്ടഡ് എന്‍ജിന്‍ പുത്തന്‍ മോഡലിലും മാറ്റമില്ലാതെ തുടരാനാണ് സാദ്ധ്യത. 42 ബിഎച്ച്പി കരുത്തും 35 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും.
സ്ലിപ്പര്‍ ക്ലച്ച് സഹിതം 6-സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. പുതിയ കെടിഎം ആര്‍സി 390യില്‍ പുത്തന്‍ കെടിഎം 390 ഡ്യൂക്കിന് സമാനമായ സ്പ്ലിറ്റ് ഹെഡ്‌ലാംപ്, പുതിയ വിന്‍ഡ് സ്‌ക്രീന്‍, അപ്‌സൈഡ് ഡൌണ്‍ മുന്‍ സസ്‌പെന്‍ഷന്‍, മോണോ പിന്‍ സസ്‌പെന്‍ഷന്‍, ടിഎഫ്ടി കളര്‍ ഡിസ്‌പ്ലേ, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവയും ലഭിച്ചേക്കും.
കൂടുതല്‍ സ്പോര്‍ട്ടി ലുക്കിലാണ് പുത്തന്‍ കെടിഎം ആര്‍സി 390 എന്ന് അടുത്തിടെ പുറത്തുവന്ന ബൈക്കിന്റെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ഷാര്‍പ്പ് ആയ ഫെയറിംഗ് ആണ് പുത്തന്‍ മോഡലിന്റെ ആകര്‍ഷണം.
ഈ ഫെയറിങ്ങില്‍ കൂടുതല്‍ വലിപ്പത്തിലുള്ള കെടിഎം ബ്രാന്‍ഡിംഗ് കാണാം. കെടിഎമ്മിന്റെ സ്വന്തം ഓറഞ്ച് നിറത്തിനു പകരം കറുപ്പില്‍ പൊതിഞ്ഞ പുത ഡിസൈനിലുള്ള അലോയ് വീലുകളാണ് ഇതില്‍. വണ്ണം കുറഞ്ഞ ടെയില്‍ സെക്ഷന്‍, പുതിയ ഡിസൈനിലുള്ള സ്പ്ലിറ്റ് സീറ്റുകള്‍, ഗ്രാബ് റെയിലുകള്‍ എന്നിവയും പുതിയ ആര്‍സി 390യിലുണ്ടാവും.
ഗോളാകൃതിയിലുള്ള പെട്രോള്‍ ടാങ്ക് വലിപ്പത്തിലും അല്പം മുന്നേറിയിട്ടുണ്ട്. നിലവില്‍ വില്പനയിലുള്ള കെടിഎം ആര്‍സി 390യ്ക്ക് 2.66 ലക്ഷം ആണ് എക്സ്-ഷോറൂം വില. പുതിയ മോഡലിന് കുറഞ്ഞത് 20,000 രൂപ വര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന.
കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് പഴയ ആര്‍സി 390നെ നീക്കം ചെയ്തതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതിയ മോഡലിന്റെ വരവിനെ തുടര്‍ന്ന് പഴയ മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യയിലെ വില്‍പ്പന നിര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം.
കെടിഎം ആര്‍സി 390 സെഗ്മെന്റിലെ ഏറ്റവും കരുത്തേറിയ മോട്ടോര്‍സൈക്കിളാണ്. കെടിഎം ആര്‍സി 390 ആദ്യമായി അരങ്ങേറിയത് 2013 ഐക്മ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ്. 2014ല്‍ വിപണികളില്‍ അവതരിപ്പിച്ചു. പിന്നീട് മോട്ടോര്‍സൈക്കിളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു.