നിരത്തിലിറങ്ങി ദിവസങ്ങള്‍ക്കകം വാഹനപ്രേമികളുടെ മനസ്സ് കീഴടക്കിയ വാഹനമാണ് എംജിയുടെ ഹെക്ടര്‍. ജൂണില്‍ പുറത്തിറക്കിയ വാഹനത്തിന് വന്‍തോതില്‍ ആവശ്യമേറിയതോടെ താത്കാലികമായി ബുക്കിങ് നിര്‍ത്തി വച്ചിരിക്കുകയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
2018 വാഹനങ്ങളുടെ വില്‍പ്പനയാണ് ഇതുവരെ പൂര്‍ത്തിയായിരിക്കുന്നത്. ഉല്‍പാദനം പ്രതിമാസം 2,000 എന്നത് ഈ മാസം മുതല്‍ 3,000 ആക്കുമെന്നും ഇന്ത്യയിലും വിദേശത്തുമുള്ള ഘടക നിര്‍മാതാക്കളുമായി ഇതിനാവശ്യമായ ധാരണയുണ്ടാക്കിയിട്ടുള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഉല്‍പാദനം വര്‍ധിക്കുന്നതനുസരിച്ച് ഇക്കൊല്ലം തന്നെ ബുക്കിങ് പുനരാരംഭിക്കുമെന്നാണ് സൂചന. ജൂലൈയില്‍ 1508 എണ്ണമാണ് ഡെലിവറി നടത്തിയത്.
കുറഞ്ഞ വിലയും പ്രീമിയം സെഗ്‌മെന്റുകളില്‍ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വന്‍ജനപ്രീതിക്കു പിന്നില്‍. പെട്രോള്‍ എന്‍ജിനുള്ള അടിസ്ഥാന വകഭേദമായ സ്‌റ്റൈലിന് 12.18 ലക്ഷം രൂപ മുതല്‍ ഡീസല്‍ എന്‍ജിനുള്ള മുന്തിയ വകഭേദമായ ഷാര്‍പ്പിന് 16.88 ലക്ഷം രൂപ വരെയാണ് ഷോറൂം വില. മൂന്നു എന്‍ജിന്‍ സാധ്യതകളോടെയാണ് ഹെക്ടറിന്റെ വരവ്. രണ്ടു പെട്രോളും ഒരു ഡീസലും. 1.5 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന് 143 പി.എസ് വരെ കരുത്തും 250 എന്‍ എമ്മോളം ടോര്‍ക്കും സൃഷ്ടിക്കാനാവും. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയോടെയും ഈ എന്‍ജിന്‍ ലഭ്യമാവും.
ജീപ് കോംപസിലും ടാറ്റ ഹാരിയറിലുമുള്ള രണ്ടു ലീറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എന്‍ജിന്‍ തന്നെയാണു ഹെക്ടറിലുമെത്തുന്നത്. 173 പിഎസോളം കരുത്തും 350 എന്‍ എം ടോര്‍ക്കുമാണ് ഹെക്ടറില്‍ ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സും പെട്രോള്‍ എന്‍ജിനൊപ്പം ഡി സി ടി ഗീയര്‍ബോക്‌സുമാണ് ലഭിക്കുന്നത്.