കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ പിജി സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്റെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തം. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. ആര്‍എസ്എസ് സൈദ്ധാന്തികരുടെ രചനകള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പരാതി.
രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സര്‍ ഗോപിനാഥ് രവീന്ദ്രന്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നീക്കത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമുയര്‍ത്തുമെന്നാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്.