അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; ഇന്ത്യന്‍ കുന്നുകള്‍ പിടിച്ചടക്കാന്‍ നീക്കം നടത്തി ചൈന

ന്യൂഡല്‍ഹി: ശനി, ഞായര്‍ ദിവസങ്ങളിലായി ലഡാക്കിലെ പാംഗോങ്, ചുഷൂല്‍ പ്രദേശങ്ങളില്‍ ഇന്ത്യയുടെ കുന്നുകള്‍ പിടിച്ചെടുക്കാന്‍ ചൈനീസ് സൈന്യം നീക്കം നടത്തിയത് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തു. ചൈനയുടെ ശ്രമം പരാജയപ്പെടുത്തിയ ഇന്ത്യന്‍ സൈനികര്‍ ഈ കുന്നുകളില്‍ നിലയുറപ്പിച്ചു. പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ കുന്നുകളില്‍ നിലയുറപ്പിക്കാനായിരുന്നു ചൈനയുടെ നീക്കം. ഇരു രാജ്യങ്ങളുടെയും ബ്രിഗേഡ് കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം.

ഇവിടെ ചൈന അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നു. ഈ പ്രദേശത്തിനായി പലപ്പോഴും അവകാശം ഉന്നയിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് യൂണിറ്റും സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രി യൂണിറ്റുമാണ് ഇവിടെ നിലയുറപ്പിച്ചത്. അതിനിടെ, ഇന്ത്യ യഥാര്‍ഥ നിയന്ത്രണരേഖ ലംഘിച്ചുവെന്നു ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുന്‍ യിങ് പറഞ്ഞു. ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റ ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയെന്നു കരസേനാ വക്താവ് കേണല്‍ അമന്‍ ആനന്ദ് പറഞ്ഞതിനു മറുപടിയായാണ് ആരോപണം. ചൈനയുടെ നീക്കം മുന്‍ധാരണകളുടെ ലംഘനമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വിളിച്ച ഉന്നതതല യോഗം അതിര്‍ത്തിയിലെ കയ്യേറ്റം നേരിടുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്തു. സമാധാനപരമായ ചര്‍ച്ചയിലൂടെയാണു പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്നതെന്നു വ്യക്തമാക്കിയ ഇന്ത്യ, പ്രകോപനപരമായ നീക്കങ്ങളില്‍നിന്നു ചൈന പിന്മാറണമെന്നും ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Top