ന്യൂഡല്‍ഹി: അസം – മിസ്സോറാം അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് മിസ്സോറാം. ഇരു സംസ്ഥാനങ്ങളിലേയും അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മേഖലയില്‍ സിആര്‍പിഎഫിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ മിസ്സോറാം എംപിയെ അസം പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.
അസമില്‍ നിന്നുള്ള അക്രമികള്‍ റെയില്‍ ട്രാക്കുകള്‍ എടുത്തുമാറ്റിയതും ദേശീയ പാത 306 തടസ്സപ്പെടുത്തിയതും സംസ്ഥാനത്തെ ഗതാഗതത്തെ ആകെ ബാധിച്ചെന്നാണ് മിസ്സോറാം സര്‍ക്കാരിന്റെ ആരോപണം. മിസ്സോറാമിലെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍വേ പാതയാണ് തടസ്സപ്പെട്ടതെന്ന് മിസ്സോറാം ആഭ്യന്തര സെക്രട്ടറി പറഞ്ഞു.
സംസ്ഥാന ഏജന്‍സികള്‍ക്കോ ജനങ്ങള്‍ക്കോ റോഡ് റെയില്‍ ഗതാഗതം തടസ്സപ്പെടുത്താനുള്ള അധികാരമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്നലെ അസം- മിസോറാം സംസ്ഥാനങ്ങള്‍ ഇടക്കാല കരാറില്‍ എത്തിചേര്‍ന്നിരിന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളും പൊലീസ് സേനയെ പിന്‍വലിച്ചു. ഇപ്പോള്‍ കേന്ദ്ര ആര്‍ധസൈനിക വിഭാഗത്തെ തര്‍ക്കപ്രദേശത്ത് നാല് കീലോമീറ്ററോളം ദൂരത്തില്‍ വിന്യസിച്ചിരിക്കുകയാണ്.