ഐസ്വോള്‍: അസം-മിസോറം അതിര്‍ത്തി സംഘര്‍ഷത്തില്‍ വ്യാഴാഴ്ച നിര്‍ണ്ണായക ചര്‍ച്ച. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രശ്‌ന പരിഹാരത്തിന് അടിയന്തര യോഗം ചേരുന്നത്. ദില്ലി കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകളിലാണ് അതിര്‍ത്തി തര്‍ക്ക വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്.
വ്യാഴാഴ്ച ഐസ്വോളില്‍ നടക്കുന്ന ചര്‍ച്ചയില്‍ അസമിനെ പ്രതിനിധീകരിച്ച് കൃഷിമന്ത്രി അതുല്‍ ബോറയും, നഗരവികസന മന്ത്രി അശോക് സിംഗാളും പങ്കെടുക്കും.
ചര്‍ച്ചയില്‍ കേന്ദ്ര നിരീക്ഷകരും പങ്കെടുത്തേക്കും. അസം മുഖ്യമന്ത്രിക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ എടുത്ത കേസുകള്‍ അടിയന്തരമായി പിന്‍വലിക്കാന്‍ മിസോറം മുഖ്യമന്ത്രി തന്നേ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ചര്‍ച്ച കൂടുതല്‍ ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ചര്‍ച്ചകള്‍ നടക്കട്ടേയെന്നും അതിര്‍ത്തി വിഷയത്തില്‍ അന്തിമ പരിഹാരം സുപ്രീംകോടതി തന്നെ കാണട്ടേയെന്നും അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു.