ന്യൂഡല്‍ഹി: ദോക് ലാം വിഷയം പോലുള്ള അതിർത്തി തർക്കങ്ങൾ ഇനിയും സംഭവിക്കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്.
അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഇതുവരെയും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ചൈന കടന്നുകയറ്റ ശ്രമങ്ങള്‍ നടത്തുകയാണെന്നും ഇതില്‍ ഇന്ത്യക്ക് ആശങ്കയുണ്ടെന്നും ഇത്തരം കടന്നുകയറ്റങ്ങള്‍ ഭാവിയില്‍ കൂടുതലായി സംഭവിച്ചേക്കുമെന്നും റാവത്ത് പറഞ്ഞു.
പൂന സര്‍വകലാശാലയില്‍ ക്ലാസെടുത്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അതിര്‍ത്തി പ്രശ്നങ്ങള്‍ ഇപ്പോള്‍ നയതന്ത്ര തലത്തിലാണ് പരിഹരിക്കുന്നതെന്നും ഭാവിയിലും ഇതുതന്നെ തുടരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിക്കിം, അരുണാചല്‍, ലഡാക് അതിര്‍ത്തികളില്‍ ഇന്ത്യ ചൈനയുമായി സംഘര്‍ഷത്തിലാണ്. ജൂണ്‍ 16നു സിക്കിം അതിര്‍ത്തിയോടു ചേര്‍ന്ന ദോക് ലായില്‍ ചൈനീസ് സേന റോഡ് നിര്‍മിക്കുന്നത് ഇന്ത്യ തടഞ്ഞതോടെയാണ് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചത്.
ഭൂട്ടാന്റെ പ്രദേശത്തെ അനധികൃത നിര്‍മാണം തടയാന്‍ ഇന്ത്യന്‍ സേന അവിടേക്കു ചെല്ലുകയായിരുന്നു. ദോക് ലാമിൽ മൂന്നുമാസമായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം നില്‍ക്കുകയാണ്.
ദോക് ലാമിൽ നിന്നു പ്രദേശവാസികള്‍ ഒഴിഞ്ഞുപോകണമെന്ന് ഇന്ത്യന്‍ സൈന്യം നിര്‍ദേശിച്ചിരുന്നു. നതാംഗ് ഗ്രാമത്തിലുള്ള ആളുകളോടാണു സൈന്യം അടിയന്തരമായി ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചത്.
ഇന്ത്യയും ചൈനയും മുഖാമുഖം നില്ക്കുന്ന മേഖലയില്‍നിന്ന് 35 കിലോമീറ്റര്‍ മാത്രം അകലെയാണു നതാംഗ് ഗ്രാമം.