തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടന്ന കേരളീയര്‍ക്ക് സ്വന്തം നാട്ടിലെത്താന്‍ കടമ്പകള്‍ ഏറെ. തിരികെ വരുന്നവരെ വിളിക്കാനായുളള സ്വകാര്യ വാഹനങ്ങള്‍ക്ക് ജില്ലകള്‍ കടന്ന് പോകാനുള്ള അനുമതി നിഷേധിക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ തന്നെ യാത്രാ സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ആഴ്ചകള്‍ നീണ്ട ലോക്ക് ഡൗണില്‍ അന്യദേശത്ത് കുടുങ്ങിപ്പോയവര്‍ ഏറെ പണിപ്പെട്ടാണ് അതിര്‍ത്തി വരെ എത്തുന്നത്. വാഹനമെത്താതെ കുടുങ്ങിപ്പോയവരെ തല്‍ക്കാലം നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അതിര്‍ത്തി കടക്കാന്‍ ടാക്‌സി സൗകര്യങ്ങള്‍ കിട്ടാത്തതാണ് മറ്റൊരു പ്രതിസന്ധി. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 1.70 ലക്ഷം പേരാണ് നോര്‍ക്ക വഴി തിരിച്ചെത്താന്‍ അപേക്ഷ നല്‍കിയത്.
കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് കൂടുതല്‍. കണ്ണൂര്‍, മലപ്പുറം ജില്ലകളിലേക്കാണ് കൂടുതല്‍ പേര്‍ മടങ്ങുന്നത്. ഓരോ സംസ്ഥാനങ്ങളിലും കുടുങ്ങി കിടക്കുന്നവരുടെ കൃത്യമായ കണക്ക് നോര്‍ക്കയില്‍ നിന്ന് ശേഖരിച്ച ശേഷം ഇവരെ നേരിട്ട് തിരിച്ചെത്തിക്കാനുള്ള അന്തിമ രൂപ രേഖ സര്‍ക്കാര്‍ തയ്യാറാക്കും. വിദൂര സംസ്ഥാനങ്ങളിലുളളവരെ കൊണ്ടുവരുന്നതിന് പ്രത്യേക തീവണ്ടി കേന്ദ്രം അനുവദിക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാനം. സമീപ സംസ്ഥാനങ്ങളിലുളളവരെ റോഡ് മാര്‍ഗം തിരികെ എത്തിക്കണമെന്ന ആവശ്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.