അഭിനന്ദനില്‍ അഭിമാനിക്കാം , രേഖകള്‍ നശിപ്പിച്ചാണ് ആ ധീരന്‍ കീഴടങ്ങിയത്

ന്യൂഡല്‍ഹി :ഇന്ത്യയ്ക്ക് നേരെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ അയച്ച യുദ്ധ വിമാനത്തെ ചെറുക്കുന്നതിനിടയിലാണ് ഇന്ത്യയുടെ വീര സൈനികന്‍ പാക്ക് സൈന്യത്തിന്റെ പിടിയിലായത്. ശത്രു വിമാനത്തെ തുരത്തുന്നതിനിടെ തകരാറിലായ വിമാനത്തില്‍ പാരച്ച്യൂട്ടില്‍ രക്ഷപ്പെടുന്നതിനിടയിലാണ് അഭിനന്ദന്‍ പാക്ക് മണ്ണില്‍ അകപ്പെട്ടത്.

പാക്കിസ്ഥാനിലെത്തിയ ആഭിനന്ദന് ആദ്യം താന്‍ എത്തപ്പെട്ടത് ഏതു സ്ഥലത്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. സൈനികന്‍ പാരച്ച്യൂട്ടില്‍ വന്നിറങ്ങുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരോട് ആദ്യം അഭിനന്ദന്‍ ചോദിച്ചത് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്നാണ്. ശേഷം ഇന്ത്യയെ പ്രകീര്‍ത്തിക്കുന്ന വാക്കുകള്‍ വിളിച്ച പറഞ്ഞ അദ്ദേഹത്തെ ചുറ്റും കൂടിയവര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പാക്ക് മാദ്ധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെയാണ് താന്‍ അതിര്‍ത്തി കടന്ന് ശത്രുരാജ്യത്തിന്റെ മണ്ണിലാണ് വീണതെന്ന് അഭിനന്ദന്‍ മനസിലാക്കുന്നത്. തുടര്‍ന്ന് ചെറു പിസ്റ്റളെടുത്ത് യുവാക്കള്‍ക്ക് നേരെ ചൂണ്ടിയശേഷം ആകാശത്തേയ്ക്ക് നിറയൊഴിക്കുകയും പിന്നിലേക്ക് ഓടുകയും ചെയ്യുകയായിരുന്നു ഇന്ത്യന്‍ വൈമാനികന്‍ ചെയ്തതെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശേഷം സമീപത്തായി ഉണ്ടായിരുന്ന ചെറുകുളത്തിലിറങ്ങിയ അഭിനന്ദന്‍ കൈയ്യിലുണ്ടായിരുന്ന ചില കടലാസുകള്‍ അതില്‍ മുക്കി നശിപ്പിക്കുകയും, ചിലത് വിഴുങ്ങുകയും ചെയ്തതായും പ്രാദേശികവാസിയായ യുവാവ് മുഹമ്മദിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രേഖകള്‍ കുതിര്‍ത്ത് നശിപ്പിച്ച ശേഷമാണ് തോക്ക് മാറ്റിവച്ച് അഭിനന്ദന്‍ കീഴടങ്ങാന്‍ സന്നദ്ധനായത്.

അതിനിടെ ആളുകള്‍ അഭിനന്ദനെ കല്ലെറിഞ്ഞ് ആക്രമിച്ചു. കല്ലേറുകൊണ്ട് ചോര ഒലിപ്പിച്ചു നിന്ന അഭിനന്ദനെ തുടര്‍ന്ന് പാക്ക് സൈന്യം എത്തി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പാക്ക് മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ട വീഡിയോയിലും അഭിനന്ദന്റെ മുഖത്ത് ചോരപ്പാടുകള്‍ കാണാനാവുന്നുണ്ട്. മര്‍ദ്ദനമേറ്റതിന്റെ തെളിവായി കണ്ട് ഇന്ത്യ ശക്തമായി അപലപിക്കുകയും എത്രയും വേഗം വൈമാനികനെ തിരികെ എത്തിക്കാന്‍ പാക്കിസ്ഥാന് താക്കീത് നല്‍കുകയുമായിരുന്നു.

അഭിനന്ദന്‍ വര്‍ധമാനെ ഉടന്‍ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്.

അതേസമയം അഭിനന്ദനെ വിട്ടു നല്‍കുന്ന കാര്യത്തില്‍ ഉപാധികള്‍ മുന്നോട്ടുവെച്ച പാക്കിസ്ഥാന്‍ സംഘര്‍ഷം ഒഴിവാക്കിയാല്‍ പൈലറ്റിനെ വിട്ട് നല്‍കുന്ന കാര്യം ആലോചിക്കാമെന്ന് പറഞ്ഞു. പാക്ക് വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗികമായി പാകിസ്താന്‍ ഇന്ത്യക്ക് മുന്നില്‍ ഉപാധികള്‍ വെച്ചിട്ടില്ല.

Top