ഗോഹട്ടി: നുഴഞ്ഞു കയറ്റം തടയുന്നതിന്റെ ഭാഗമായി ബംഗ്ലാദേശുമായുള്ള അതിര്‍ത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ അടയ്ക്കുമെന്ന് നിയുക്ത ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനാവാള്‍.
പ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടു വര്‍ഷം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ബി.ജെ.പി പ്രധാനമായും ഉയര്‍ത്തിയ വിഷയമായിരുന്നു അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റം. ജനുവരിയില്‍ തെക്കന്‍ ആസാമിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശത്തെ കരിംഗഞ്ജ് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, അതിര്‍ത്തിയില്‍ വയറുകള്‍ കൊണ്ടുള്ള വേലി സ്ഥാപിക്കുന്നത് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതിര്‍ത്തി പ്രദേശങ്ങള്‍ അടച്ചു കഴിഞ്ഞാല്‍ നുഴഞ്ഞുകയറ്റം തനിയെ അവസാനിച്ചു കൊള്ളും. ഇതോടൊപ്പം നുഴഞ്ഞു കയറ്റം തടയുന്നതിന് ജനങ്ങളെ ബോധവാന്മാരാക്കുകയും ചെയ്യുമെന്നും സോനാവാള്‍ പറഞ്ഞു.
നുഴഞ്ഞു കയറ്റം അവസാനിപ്പിക്കുന്നതിനുള്ള ഐ.എം.ഡി.ടി നിയമം ഉപയോഗിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് പറഞ്ഞ സോനാവാള്‍, ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പുതുക്കിയ കരട് നിലവില്‍ വരുന്നതോടെ യഥാര്‍ത്ഥ പൗരന്മാരും നുഴഞ്ഞു കയറ്റക്കാരും ആരാണെന്ന് കണ്ടെത്താനാവുമെന്നും ചൂണ്ടിക്കാട്ടി.