ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചില മേഖലകളില്‍ നിന്നുള്ള സേനാ പിന്മാറ്റം ആദ്യ ഘട്ടം പൂര്‍ത്തിയായതായി ഉന്നത കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഹോട്ട് സ്പ്രിംഗ്‌സ്, ഗോഗ്ര മേഖലകളില്‍ നിന്ന് ചൈനീസ് സേന പൂര്‍ണ്ണമായും പിന്മാറിയതായാണ് വിവരം. ആദ്യ ഘട്ടത്തില്‍ ഒന്ന് മുതല്‍ ഒന്നര കിലോമീറ്റര്‍ വരെ പിന്‍വാങ്ങാനായിരുന്നു ധാരണ.
അതേ സമയം അതിര്‍ത്തിയിലെ സ്ഥിതിയെ കുറിച്ച് കള്ളപ്രചാരണങ്ങള്‍ നടക്കുന്നതായും ഇത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗല്‍വാന്‍ താഴ്വരയ്ക്ക് മേലുള്ള അവകാശവാദം അംഗീകരിക്കില്ല. പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു