അത്യാധുനിക യന്ത്രം എത്തിച്ചു; കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ കുഴല്‍ കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കുഴല്‍ക്കിണറിന് ഒരു മീറ്റര്‍ അകലെ സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി പാറ തുരക്കാനുള്ള അത്യാധുനിക യന്ത്രം എത്തിച്ചു. നാഗപട്ടണത്ത് നിന്നാണ് യന്ത്രം എത്തിച്ചിരിക്കുന്നത്.

ഒഎന്‍ജിസിയില്‍ നിന്ന് എത്തിച്ച റിഗ് റിംഗ് മെഷീന്‍ ഉപയോഗിച്ചാണ് കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുക്കുന്നത്. പുലര്‍ച്ചെ ആറ് മണി മുതലാണ് സമാന്തര കുഴിയെടുക്കാനുള്ള ഡ്രില്ലിംഗ് തുടങ്ങിയത്. എന്നാല്‍, ഇത് പ്രാവര്‍ത്തികമായില്ലെങ്കില്‍ കുഞ്ഞിനെ റോബോട്ടിക് ആംസ് ഉപയോഗിച്ച് പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് തമിഴ്‌നാട് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

കുട്ടിയെ പുറത്തെടുക്കുന്നത് വൈകും തോറും ജനരോഷം ആളിപ്പടരുകയാണ്. ഇത് സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. രണ്ട് മന്ത്രിമാര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഇവിടെയുണ്ട്. ചീഫ് സെക്രട്ടറിയും അപകട സ്ഥലത്ത് ക്യാംപ് ചെയ്തിരിക്കുകയാണ്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് അപകടം. 600 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്. എന്നാല്‍ സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു.

Top