തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇതിനിടയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടി കൂടുതല്‍ ആഴത്തിലേക്ക് പതിച്ചു. നിലവില്‍ കുഴല്‍ക്കിണറില്‍ 100 അടി താഴ്ചയിലാണ് കുട്ടിയുള്ളത്. ആദ്യം 26 അടി താഴ്ചയിലേക്ക് പതിച്ച കുട്ടി മുകളിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ 68 അടിയിലേക്ക് പതിക്കുകയായിരുന്നു. അവിടെ നിന്നാണ് വീണ്ടും ആഴത്തിലേക്ക് വീണത്.
കുഴല്‍ കിണറിന് സമീപം ഒരു മീറ്റര്‍ വീതിയില്‍ വഴി തുരക്കുകയാണ് ഇപ്പോള്‍. കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന്‍ ഈ തുരങ്കത്തിലൂടെ പോകും. കുട്ടിയെ എടുത്ത് പുറത്തേക്ക് കൊണ്ടുവരാനാണ് ശ്രമം. മണ്ണിടിച്ചില്‍ ഭീഷണിയും അപകട സാധ്യതയും ഏറെയെങ്കിലും മറ്റു വഴികള്‍ മുന്നില്‍ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ കയറിട്ട് കുഞ്ഞിന്റെ ഒരു കൈയില്‍ കുരുക്കിട്ടു 26 അടിയില്‍ തന്നെ താങ്ങി നിര്‍ത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ ചളിയുള്ളതിനാല്‍ പിന്നീട് ഊര്‍ന്ന് പോയി. രണ്ട് തവണയും കയറില്‍ കുരുക്കി മുകളിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും കുട്ടി താഴേക്ക് പതിക്കുകയായിരുന്നു.
ട്യൂബ് വഴി കുട്ടിക്ക് ഓക്‌സിജന്‍ എത്തിക്കുന്നുണ്ട്. ആദ്യ സമയത്ത് കുട്ടി പ്രതികരിച്ചിരുന്നെങ്കിലും പുലര്‍ച്ചെ അഞ്ച് മണി മുതല്‍ പ്രതികരണമില്ല. കുട്ടി തളര്‍ന്നു പോയതും കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.
വെള്ളിയാഴ്ച വൈകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് രണ്ടരവയസ്സുകാരന്‍ കുഴല്‍കിണറിലേക്ക് വീണത്.
അതേസമയം തമിഴ്‌നാട്ടില്‍ പലയിടത്തും കുഞ്ഞിനെ തിരികെ കിട്ടാനായി ആളുകള്‍ കൂട്ടപ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.