ബ്രിട്ടന്‍ വീണ്ടും ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് ; പാര്‍ലമെന്റിന്റെ അംഗീകാരം

ലണ്ടന്‍ : ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. 438 പേരുടെ പിന്തുണയാണ് പാര്‍ലമെന്റില്‍ ജോണ്‍സന് ലഭിച്ചിരുന്നത്.

ഡിസംബര്‍ 12 ന് ആണ് ഇടക്കാല തെരഞ്ഞെടുപ്പ്. 1923 ന് ശേഷം ആദ്യമായാണ് ഡിസംബര്‍ മാസത്തില്‍ ബ്രിട്ടനില്‍ തെരഞ്ഞടുപ്പ് നടക്കുന്നത്. ഇടക്കാല തെരഞ്ഞെടുപ്പിനുള്ള ജോണ്‍സന്റെ നാലാം ശ്രമമാണ് ഫലം കണ്ടത്. തെരഞ്ഞെടുപ്പിന് മുമ്പായി അഞ്ച് ആഴ്ചയാണ് പാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് കിട്ടുക.

രാജ്യത്തിന്റെ ഭാവിക്കും ബ്രെക്സ്റ്റിനും വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ബ്രെക്‌സിറ്റിനുള്ള നടപടികള്‍ തുടങ്ങിവയ്ക്കാന്‍ ജനുവരി 31 വരെ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ ബ്രെക്‌സിറ്റ് കരാറിന് അനുമതി നേടാനാണ് ജോണസന്റെ നീക്കം. രാജ്യത്തിന്റെ സമൂലമായ മാറ്റത്തിനായി തങ്ങള്‍ പ്രചാരണം നടത്തുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ വ്യക്തമാക്കി.

Top