നായ്‌പയിടൗ: റോഹിങ്ക്യൻ വിഷയത്തിൽ ചർച്ച നടത്താൻ മ്യാൻമർ നേതാവ് ആങ് സാൻ സൂകിയുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ. ബംഗ്ലാദേശിലെത്തി കോക്സ് ബസാറിൽ താമസിക്കുന്ന റോഹിങ്ക്യൻ അഭയാർഥികളെ സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ മ്യാൻമർ സന്ദർശനം.
മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം ഏഴരലക്ഷത്തോളം റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. നിലവിൽ ക്യാമ്പിൽ 500,000 ൽ അധികം അഭയാർഥികൾ ജീവിക്കുന്നുണ്ട്.
ബംഗ്ലാദേശിലെ സന്ദർശനത്തിന് ശേഷം ക്യാമ്പുകളിൽ ഭയാനക ജീവിതസാഹചര്യങ്ങളാണ് ഉള്ളതെന്നും ഇതിനെല്ലാം പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രതിബദ്ധത ഉണ്ടെന്നും ജോൺസൺ വ്യക്തമാക്കിയിരുന്നു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും, വിദേശകാര്യ മന്ത്രി അബുൾ ഹസ്സൻ മഹ്മൂദ് അലിയുമായും ജോൺസൺ കൂടിക്കാഴ്ച നടത്തിയിരുന്നു. മ്യാൻമറിൽ എത്തുന്ന റോഹിങ്ക്യകൾക്ക് വ്യക്തമായ സുരക്ഷിതത്വവും, അടിസ്ഥാനപരമായ അവരുടെ ആവിശ്യങ്ങളും ഉറപ്പ് വരുത്തണമെന്നും ബംഗ്ലാദേശ് ഭരണകൂടത്തിനെ അദ്ദേഹം അറിയിച്ചിരുന്നു.
മ്യാൻമർ നേതാവുമായി നടത്തുന്ന ചർച്ചയിലും ബോറിസ് ജോൺസൺ റോഹിങ്ക്യൻ അഭയാർത്ഥികളുടെ സുരക്ഷിതമായ ഭാവി ജീവിതത്തെകുറിച്ചാകും സംസാരിക്കുന്നത്. കാരണം റോഹിങ്ക്യൻ അഭയാർഥികൾക്കായി ഏറ്റവും കൂടുതൽ പിന്തുണയും, സഹായവും നൽകിയ ദാതാക്കളാണ് ബ്രിട്ടൻ.